Skip to main content

എറണാകുളം ജില്ലാ അറിയിപ്പുകൾ

1. മോട്ടോര്‍ തോഴിലാളി  ക്ഷേമനിധി ബോര്‍ഡില്‍ കുടിശിക അടയ്ക്കുന്നതിനുളള സമയപരിധി ദീര്‍ഘിപ്പിച്ചു

കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുളളതും ഒരു തവണയെങ്കിലും തൊഴിലാളി വിഹിതം അടച്ച് അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുളളതും ഇപ്പോഴും ക്ഷേമനിധി ബോര്‍ഡില്‍ അംഗമായി തുടരുന്നതുമായ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കുന്നതിനുളള സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.  ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.

 

2. ഭൂരഹിതരായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കൊച്ചി: ജില്ലയിലെ ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അര്‍ഹത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ബ്ലോക്കടിസ്ഥാനത്തില്‍ മുന്‍ഗണന പട്ടിക തയാറാക്കുന്നതിനായി ജില്ലയില്‍ സ്ഥിരതാമസക്കാരായ ഭൂരഹിത പട്ടികവര്‍ഗക്കാരില്‍ നിന്നും നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു.

സ്വന്തം പേരിലോ ഭാര്യ/ഭര്‍ത്താവിന്റെ പേരിലോ ഭൂമി ഇല്ലാത്തവരും ഭൂമി ലഭിക്കാന്‍ സാദ്ധ്യതയില്ലാത്തതും മറ്റേതെങ്കിലും ഭൂമിക്ക് അവകാശമില്ലാത്തതുമായ കുടുംബങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് യാതൊരു വിധത്തിലും ഭൂമി ലഭിക്കാന്‍ സാധ്യതയില്ല എന്ന രേഖപ്പെടുത്തലോടുകൂടിയ വില്ലേജ് ഓഫീസറില്‍ നിന്നുളള ഭൂരഹിതനാണെന്നുളള സാക്ഷ്യപത്രം സഹിതം ഫെബ്രുവരി 28-ന് മുമ്പായി മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ആലുവ, ഇടമലയാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത ഫോറത്തില്‍ അല്ലാത്തതും ആവശ്യമായ എല്ലാ രേഖകളും സഹിതം സമര്‍പ്പിക്കാത്തതും നിശ്ചിത തീയതിക്ക് ശേഷവും ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷ ഫോമുകള്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് ആലുവ, ഇടമലയാര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും, പട്ടികവര്‍ഗ പ്രമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957.

 

3. ജോലി ഒഴിവ്

കൊച്ചി: ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വെല്‍ഫെയര്‍ ഓഫീസര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത എം.എസ്.ഡബ്ലിയു (റഗുലര്‍)/കേരള ഗവ: അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള സോഷ്യല്‍ സയന്‍സിലുളള ഡിഗ്രിയോ, ഡിപ്ലോമയോ. പ്രവൃത്തി പരിചയം ആവശ്യമാണ്. സമ്പള സ്‌കെയില്‍ 32500/- പ്രായം 2019 ജനുവരി ഒന്നിന് 18-30. (എസ്.സി/ എസ്.റ്റി/ ഒബിസി/അംഗപരിമിതര്‍/എക്‌സ് സര്‍വീസ്മാന്‍ എന്നിവര്‍ക്ക് വയസിളവ് ലഭിക്കും).

നിശ്ചിത യോഗ്യതയുളള ഒബിസി വിഭാഗത്തില്‍പ്പെട്ട തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി എട്ടിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

 

4. ദിവസവേതാനടിസ്ഥാനത്തില്‍ ഭൂവിനിയോഗ സര്‍വെ നടത്തുന്നതിന് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്

കൊച്ചി: ജില്ലാ നഗര-ഗ്രാമാസൂത്രണ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ അമൃത് നഗരം പദ്ധതിപ്രകാരം കൊച്ചി നഗരസഭാ പ്രദേശത്തിനു വേണ്ടി ജി.ഐ.എസ് അടിസ്ഥാനമാക്കിയുളള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍,  മൊബൈല്‍ ആപ്ലിക്കേഷണന്‍ ഉപയോഗിച്ച് ഭൂവിനിയോഗ സര്‍വെ ചെയ്യുന്നതിന് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഭൂവിനിയോഗ സര്‍വെ ചെയ്യുന്നതിന് ചെയന്‍ സര്‍വെ ഐ.ടി.ഐ/ഐ.ടി.സി യാണ് അടിസ്ഥാന യോഗ്യത. താത്പര്യമുളളവര്‍ സീനിയര്‍ ടൗണ്‍ പ്ലാനര്‍ മേഖലാ നഗരാസൂത്രണ കാര്യാലയം, ഡി.പി.സി സെക്രട്ടറിയറ്റ്, നാലാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട് എറണാകുളം 682 030 വിലാസത്തിലോ amrutcitykochi@gmail.com ഇ-മെയിലിലോ ഫെബ്രുവരി എട്ടിന് മുമ്പായി അപേക്ഷ (ഫോണ്‍ നമ്പര്‍ സഹിതം) സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2427223.

 

5. കണ്‍സലിയേഷന്‍; വ്യവഹാരം ഇല്ലാതെ തര്‍ക്കപരിഹാരത്തിനുളള എളുപ്പമാര്‍ഗം ഉദ്ഘാടനം 14-ന്

കൊച്ചി: കക്ഷികള്‍ തമ്മിലുളള തര്‍ക്ക വിഷയങ്ങള്‍ വ്യവഹാരം കൊടുക്കുന്നതിനു മുമ്പോ വ്യവഹാരം കൊടുത്തതിനു ശേഷമോ കോടതിക്ക് പുറത്തു വച്ച് നിഷ്പക്ഷമതിയായ ഒരു കണ്‍സിലിയേറ്ററുടെ സഹായത്തോടെ രമ്യമായി പരിഹരിച്ച് ആര്‍ബിട്രേഷന്‍ അവാര്‍ഡിന് തുല്യമായ ഒത്തുതീര്‍പ്പാക്കുന്ന നിയമപ്രകാരമുളള മറ്റു ഇതര തര്‍ക്ക പരിഹാര മാര്‍ഗങ്ങളില്‍ (എഡിആര്‍)പെട്ട പ്രക്രിയയാണ് അനുരഞ്ജനം. ഇതിന്റെ ഉദ്ഘാടനം  ഫെബ്രുവരി  14-ന്  വൈകിട്ട് 4.45-ന് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍  ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയി നിര്‍വഹിക്കും. ചടങ്ങില്‍ ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹിം അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്‍ മുഖ്യാതിഥിയായിരിക്കും.

 

6. എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 11-ന്

കൊച്ചി: ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പട്ടിക വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടിയുളള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍ 296/16) തസ്തികയിലേക്ക് 2018 ഒക്‌ടോബര്‍ ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (2 കി.മി ഓട്ടം) ഫെബ്രുവരി 11-ന് രാവിലെ ആറു മുതല്‍ ചേര്‍ത്തല കണിച്ചുകുളങ്ങര കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തും.

ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതും, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി  (ഒറിജിനല്‍) കൃത്യസമയത്ത് (രാവിലെ ആറിന്) എഡ്യൂറന്‍സ് ടെസ്റ്റിന് ഹാജരാകണം.

 

7. പി.എസ്.സി ഓഫീസിന്റെ ഇ-മെയില്‍ വിലാസം മാറി

കൊച്ചി: പബ്ലിക് സര്‍വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസിന്റെ ഇ-മെയില്‍ അഡ്രസ് എന്‍.ഐ.സി അക്കൗണ്ടിലേക്ക് മാറിയിട്ടുളളതിനാല്‍ doekm@psc.kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നിന്നും doekm.psc@kerala.gov.in  ലേക്ക് മാറിയിരിക്കുന്നു. ആയതിനാല്‍ ഇനി മുതല്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസിലേക്കു ഇ-മെയിലുകള്‍ doekm.psc@kerala.gov.in   വിലാസത്തില്‍ അയക്കണം.

 

8. ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ ലേബര്‍ റൂമില്‍ കര്‍ട്ടര്‍ സെപ്പറേഷന്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 21-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

 

9. കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തണലൊരുക്കാം

കൊച്ചി: എല്ലാ കുട്ടികളെയും പോലെ കളിചിരികള്‍ നിറഞ്ഞൊരു അവധിക്കാലം സ്വപ്നം കാണാന്‍ കഴിയാത്തവരുണ്ട്. ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന ചിലകുട്ടികള്‍ക്കെങ്കിലും വേനല്‍ അവധിക്ക് വീടുകളിലേക്ക് പോകുവാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അത്തരം കുട്ടികള്‍ക്ക് വീടനുഭവം നല്‍കുക വഴി അവരില്‍ കൂടുതല്‍ സാമൂഹികബോധം ഉണ്ടാക്കുന്നതിന് സഹായിക്കും. പല കാരണങ്ങള്‍ കൊണ്ട് സാമൂഹിക ജീവിതം നഷ്ടപ്പെടുകയും ദീര്‍ഘകാലമായി ശിശു സംരക്ഷണ സ്ഥാപനങ്ങളിലും മറ്റും കഴിയുന്ന കുട്ടികള്‍ക്ക് കുടുംബ സാമൂഹിക ജീവിതം ലഭ്യമാക്കുന്നതിനാണ് പോറ്റി വളര്‍ത്തല്‍ പദ്ധതി. ഈ വേനലവധിക്ക് അവര്‍ക്കായി കുടുംബത്തിന്റെ സ്‌നേഹത്തണലൊരുക്കാന്‍ കഴിയുന്നവര്‍ ആരുണ്ട്. ആ സുമനസുകളെ സ്വാഗതം ചെയ്യുകയാണ് എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ചൈല്‍ഡ് വെലഫെയര്‍ കമ്മിറ്റിയും.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനല്‍ അവധിക്കാലത്ത് സ്വന്തം വീട്ടില്‍ സംരക്ഷിച്ചു പോറ്റി വളര്‍ത്താന്‍ താത്പര്യമുളളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു.

സ്വന്തം കുടുംബങ്ങളില്‍ വളരാന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് ചെറിയകാലത്തേക്കെങ്കിലും കുടുംബാന്തരീക്ഷം നല്‍കുന്നതിന് സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളില്ലാത്ത ദമ്പതിമാര്‍, കുട്ടികളുളള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കുവാന്‍ സന്നദ്ധരായവര്‍ക്ക് മുന്‍ഗണന. ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങള്‍ക്കു കൗണ്‍സിലിംഗും കുട്ടികളുമായി കൂടിക്കാഴ്ചയുമുണ്ടാകും. ഇത് താത്കാലിക സംരക്ഷണ സംവിധാനമാണ്. താത്പര്യമുളളവര്‍ അപേക്ഷാ ഫോറത്തിന് ഫെബ്രുവരി 25 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ബൈലൈന്‍ നമ്പര്‍ 1, ശിവടെമ്പിള്‍ റോഡ്, എസ്.പി ക്യാമ്പ് ഓഫീസിന് സമീപം, തോട്ടക്കാട്ടുകര, ആലുവ  683108, ഫോണ്‍ 0484-2609177 ഇ-മെയില്‍ റരുൗലൃിമസൗഹമാ@ഴാമശഹ.രീാ വിലാസത്തില്‍ ബന്ധപ്പെടുക.

 

10. ഇന്റര്‍കോളജിയറ്റ് മീഡിയ അക്കാദമി ക്വിസ് മത്സരം

കൊച്ചി: കേരള മീഡിയ അക്കാദമി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മീഡിയ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പൊതുവിജ്ഞാനവും വാര്‍ത്താധിഷ്ഠിതമായ വിഷയങ്ങളും മത്സരത്തിനുണ്ടാകും. രണ്ടുപേരുള്ള കോളേജ് ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 30,000 രൂപയും, രണ്ടാം സ്ഥാനം നേടുന്ന ടീമിനു 20,000 രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമുകള്‍ക്ക് 10,000 രൂപ വീതവും സമ്മാനമായി ലഭിക്കും.

വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് മീഡിയ അക്കാദമി സ്‌കൂള്‍-കോളേജുകളില്‍ തുടങ്ങിയ മീഡിയ ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല മത്സരത്തിലൂടെ തെരഞ്ഞെടുക്കുന്ന പത്തുടീമുകള്‍ക്ക് ഫെബ്രുവരി 15-നകം mediaclub.kma@gmail.com എന്ന ഇമെയിലിലൂടെയോ 9061593969 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലൂടെയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

11. ഹോണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ്-രണ്ട്; അപേക്ഷ ക്ഷണിച്ചു

കൊച്ചി:എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോണററി സ്‌പെഷ്യല്‍ ജുഡീഷ്യല്‍ രണ്ടാംക്ലാസ് മജിസ്‌ട്രേറ്റ്-രണ്ട് എറണാകുളം ആയി നിയമിക്കുന്നതിന്  ഇനി പറയുന്ന യോഗ്യതയുളള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ മാര്‍ച്ച് അഞ്ചിനകം ഓഫീസില്‍ ലഭിച്ചിരിക്കണം.

യോഗ്യതകള്‍ ഇന്ത്യന്‍ പൗരനായിരിക്കണം. കേന്ദ്ര/സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും തസ്തികകളില്‍ ജോലി ചെയ്തിട്ടുളളവരായിരിക്കണം. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് നിയമത്തില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ നേടിയിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഏഴുകൊല്ലത്തില്‍ കുറയാതെ നിയമം കൈകാര്യം ചെയ്തിട്ടുളളവരോ ആയിരിക്കണം. അല്ലെങ്കില്‍ ഒരു ജുഡീഷ്യല്‍ പോസ്റ്റില്‍ മൂന്നു കൊല്ലത്തില്‍ കുറയാതെ നിയമം കൈകാര്യം ചെയ്തിട്ടുളളവരോ ആയിരിക്കണം. അല്ലെങ്കില്‍ ക്രിമിനല്‍ ജുഡീഷ്യല്‍ ടെസ്റ്റ് പാസായിരിക്കുകയോ തത്തുല്യമായി ഏതെങ്കിലും യോഗ്യത നേടിയിരിക്കുകയും വേണം. ശാരീരികമായും മാനസികമായും സ്‌പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി സേവനം അനുഷ്ഠിക്കുവാന്‍ കഴിവുണ്ടായിരിക്കണം. കോടതി ഭാഷ കൈകാര്യം ചെയ്യുവാന്‍ ആവശ്യമായ പരിജ്ഞാനം ഉണ്ടായിരിക്കണം. 65 വയസില്‍ കൂടുവാന്‍ പാടില്ല. പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുന്ന അഭിഭാഷകര്‍ക്ക് ഈ നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹതയുണ്ടാരിക്കുന്നതല്ല. ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ അയോഗ്യരാണ്. വകുപ്പുതല കിക്ഷ നടപടികള്‍ക്ക് വിധേയരായവര്‍ അപേക്ഷിക്കുവാന്‍ അര്‍ഹരല്ല.

 

12. “ലിംഗപദവി കാഴ്ചപ്പാടും പ്രാദേശിക ഭരണവും” കിലയുടെ ആഭിമുഖ്യത്തില്‍ð പരിശീലന പരിപാടി

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലേയും ബ്ലോക്ക് പരിധിയിലുള്ള വടക്കേക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, കോട്ടുവള്ളി, ഏഴിക്കര എന്നീഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി കില സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന “ലിംഗപദവി കാഴ്ചപ്പാടും പ്രാദേശികഭരണവും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പരിശീലന പരിപാടി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ð ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രമശിവശങ്കരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രശ്മി എം.എ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി. ശ്രീദേവി, ബ്ലോക്ക് കോ-ഓഡിനേറ്റര്‍ എം.സി. പവിത്രന്‍, ജനറല്‍ð എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.  

 

13. അപേക്ഷ ക്ഷണിച്ചു

കൊച്ചി: ദേശീയ ആരോഗ്യദൗത്യം എറണാകുളത്തിന് കീഴില്‍ സൈക്യാട്രിസ്റ്റ്, പ്രൊജക്ട് ഓഫീസര്‍ (ജില്ലാ മാനസികാരോഗ്യപദ്ധതി), കൗണ്‍സിലര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷഫോറത്തോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്‌ലിസ്റ്റ്, വയസ്, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം ഫെബ്രുവരി എട്ടിന്  വൈകിട്ട് മൂന്നിനു മുമ്പായി ദേശീയ ആരോഗ്യദൗത്യം എറണാകുളം ജില്ലാ ഓഫീസില്‍ നേരിട്ടോ റജിസ്റ്റേഡ് തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി http://www.arogyakeralam.gov.in/ index.php/careers-/opportunities/294എന്ന വെബ്‌സൈറ്റ്‌സന്ദര്‍ശിക്കുക

date