Skip to main content

പ്രതേ്യക പത്രക്കുറിപ്പ് സര്‍ക്കാരിന്റെ കനിവ്, തങ്കമ്മയ്ക്ക് തലചായ്ക്കാന്‍ വീട്

 

പ്രളയജലം സര്‍വതും കൊണ്ടുപോയപ്പോള്‍ 72 വയസുള്ള ജില്ലയിലെ ഏഴിക്കാട് കോളനി സ്വദേശി തങ്കമ്മയ്ക്ക് നഷ്ടപ്പെട്ടത് ജീവന്‍ പോലെ കരുതിയിരുന്ന കൂരയായിരുന്നു. രണ്ട് പെണ്‍മക്കളേയും വിവാഹം ചെയ്ത് അയച്ച തങ്കമ്മ ആറ് വര്‍ഷത്തോളമായി ഒറ്റയ്ക്കായിരുന്നു താമസം. അന്‍പത് വര്‍ഷമായി ഏഴിക്കാട് കോളനിയില്‍ തങ്കമ്മ താമസമാരംഭിച്ചിട്ട്. ഇരച്ചെത്തിയ പ്രളയജലം വീട് കൊണ്ടുപോയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് പോയ തങ്കമ്മയ്ക്ക് സര്‍ക്കാരിന്റെ കനിവ് കരുത്തായി മാറി. നഷ്ടപ്പെട്ട വീടിന് പകരം തങ്കമ്മയ്ക്ക് വീട് വച്ച് നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തു. ആദ്യത്തെ ലിസ്റ്റില്‍ തന്നെ തന്റെ പേരുണ്ടായിരുന്നുവെന്ന് നിറകണ്ണുകളോടെ തങ്കമ്മ പറയുന്നു. നാല് ലക്ഷം രൂപയ്ക്ക് രണ്ട് കിടപ്പുമുറിയും, ഹാളും, അടുക്കളയും, ബാത്‌റൂമും അടങ്ങുന്ന വീടാണ് നിര്‍മിക്കുന്നത്. നിലവില്‍ രണ്ടാമത്തെ ഗഡുവും ലഭിച്ച് വീടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ മൂത്ത മകളോടൊപ്പം താമസിക്കുന്ന തങ്കമ്മ എത്രയും പെട്ടെന്ന് പുതിയ വീട്ടിലേക്ക് താമസം മാറാന്‍ ആകുമെന്ന പ്രതീക്ഷയിലാണ്.                   (പ്രതേ്യക പത്രക്കുറിപ്പ് 5/19)

ഫോട്ടോ അടിക്കുറിപ്പ്

date