ശുദ്ധജല ക്ഷാമം നേരിടുന്ന സ്ഥലങ്ങള്‍ അറിയിക്കണം : ജില്ലാ കളക്ടര്‍
കടുത്ത വേനലില്‍ ജില്ലയില്‍ അനുഭവപ്പെടുന്ന കുടി വെള്ള ക്ഷാമം പരിഹരിക്കുന്നതിന് ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ സംബന്ധിച്ച വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു പറഞ്ഞു. ജില്ലാതല ഭക്ഷ്യോപദേശക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളത്തിന്റെ ഗുണ നിലവാരം കണക്കിലെടുക്കാതെ ഹോട്ടലുകളിലും ഹോസ്റ്റലുകളിലും ആഹാര സാധനങ്ങള്‍ തയ്യാറാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. അനാരോഗ്യകരമായ രീതിയില്‍ ഭക്ഷണം തയ്യാറാക്കി വിപണനം നടത്തുന്നത് തടയുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വീടുകളിലുള്‍പ്പടെ പാചകത്തിനും കുടിക്കുന്നതിനും ഗുണനിലവാരമുള്ള വെള്ളത്തിന്റെ ഉപയോഗം ഉറപ്പു വരുത്തുന്നതില്‍ ഭക്ഷ്യ സുരക്ഷാ സമിതി അംഗങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ പറഞ്ഞു. ലേബലില്ലാത്ത പ്ലാസ്റ്റിക് കവറകളില്‍ പാല്‍, തൈര് എന്നിവ കടകളില്‍ വില്‍പ്പന നടത്തുന്നത് പരിശോധിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തി. ഇ-പോസ് മെഷീനിന്റെ ഉപയോഗത്തിലൂടെ റേഷന്‍ വിതരണം സുതാര്യമായതായി റേഷന്‍ ഡീലേഷ്‌സ് പ്രതിനിധികള്‍ അറിയിച്ചു. എല്ലാ റേഷന്‍ കടകളിലും ഒരേ സമയത്തും കാല താമസം കൂടാതെയും കൃത്യമായ തൂക്കം ഉറപ്പു വരുത്തിയും സാധനങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കും. റേഷന്‍ കാര്‍ഡുകളുടെ വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി നടപ്പാക്കുന്ന വിശപ്പ് രഹിത കോട്ടയം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നതിന് സമിതി അംഗങ്ങള്‍ പങ്കാളിത്തം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് സീനിയര്‍ സൂപ്രണ്ട് പി. എന്‍ ഇന്ദിരദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
(കെ.ഐ.ഒ.പി.ആര്‍ 426/19)
- Log in to post comments