Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഈ മാസം ഡിഡിസി യോഗമില്ല

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മാര്‍ച്ചില്‍ ജില്ലാ വികസന സമിതി യോഗം ചേരുന്നതല്ലെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

 

താപനില ഉയരും; ഇന്ന് (മാര്‍ച്ച് 30) അതീവ ജാഗ്രത 

ജില്ലയില്‍ താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് (മാര്‍ച്ച് 30) അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  

ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ പകല്‍ 11  മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ദുരന്ത നിവാരണ വകുപ്പ് നിര്‍ദേശം നല്‍കി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം കുപ്പിയില്‍ കരുതുക, രോഗങ്ങള്‍ ഉള്ളവര്‍ പകല്‍ 11 നും  മൂന്നിനും ഇടയില്‍ സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മണി മുതല്‍ മൂന്ന് മണിവരെ കുട്ടികള്‍ക്ക് നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം, അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. 

തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനക്രമീകരിച്ചുകൊണ്ടുള്ള ലേബര്‍ കമ്മീഷണര്‍ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണം. ഇരുചക്ര വാഹനങ്ങളില്‍  ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ചസമയത്ത് (11 മണി മുതല്‍ മൂന്ന് മണി വരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുകയും അവര്‍ക്കു ചൂടേല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണത്തിന് നിര്‍ദേശിക്കുകയും ചെയ്യണം. ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്‍പസമയം വിശ്രമിക്കാനുള്ള അനുവാദവും നല്‍കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും പകല്‍ 11 നും മൂന്നിനും ഇടയില്‍ കുടകള്‍ ഉപയോഗിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. 

  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കണമെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 

 

ഉപഭോക്തൃ വിലസൂചിക

    2019 ജനുവരിയിലെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം കേന്ദ്രങ്ങളിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാന വര്‍ഷം (2011-12=100) യഥാക്രമം 170, 168, 160, 159(പഴയത് അടിസ്ഥാന വര്‍ഷം 1998-99=100 യഥാക്രമം  343, 339, 325, 335) ആണെന്ന് ജില്ലാ ഇക്കണോമിക്‌സ് ആന്റ് സ്റ്റാസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

വൈദ്യുതി മുടങ്ങും

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബിക്കിരിയന്‍ പറമ്പ്, കണ്ടന്‍ചിറ, മാര്യമംഗലം, എസ് ഐ മുക്ക്, കപ്പോത്ത് കാവ്, കോലത്ത് വയല്‍, പാളിയത്ത് വളപ്പ്  എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 30) രാവിലെ എട്ട് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലാല്‍, വെള്ളപ്പൊയില്‍, കാരായിമുക്ക്, കൊടത്തളം, എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 30) രാവിലെ എട്ട് മുതല്‍ 3.30 വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സദ്ദാംറോഡ്, കാലിക്കല്‍, ചടയന്‍ കോളനി, പ്രതിഭ, കോഴിബസാര്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുന്നിന് മീത്തല്‍, മണ്ടേന്‍കാവ്, ആറാം മൈല്‍, സുധീഷ് നഗര്‍, കോങ്ങാറ്റ, ആണിക്കാംപൊയില്‍, ഇന്‍ഡസ് ടവര്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 30) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

 ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വഞ്ഞിയൂര്‍, മടമ്പം ടൗണ്‍, കൈവെട്ടിച്ചാല്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 30) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

 

ലെവല്‍ക്രോസ് അടച്ചിടും

താണ-ആയിക്കര റോഡില്‍ കണ്ണൂര്‍ സൗത്ത്-കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലെ 241-ാം നമ്പര്‍ ലെവല്‍ക്രോസ് നാളെ(മാര്‍ച്ച് 30) രാവിലെ എട്ട് മണി മുതല്‍ ഏപ്രില്‍ രണ്ടിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

വോട്ടിംഗ് ബോധവല്‍ക്കരണം: 

ഡെമോ വാഹനം പര്യടനം നടത്തും 

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വിവിപാറ്റ് എന്നിവയുടെ പ്രചാരണത്തിനും ബോധവല്‍ക്കരണത്തിനുമായുള്ള ഡെമോ വാഹനം മാര്‍ച്ച് 30,31, ഏപ്രില്‍ ഒന്ന് തീയതികളില്‍ പോരാവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. വാഹനം പര്യടനം നടത്തുന്ന സ്ഥലവും സമയവും മാര്‍ച്ച് 30: ചാവശ്ശേരി-10 മണി, കീഴൂര്‍-11.30, പുന്നാട്-1 മണി, ഇരിട്ടി ടൗണ്‍-2.30, ഇരിട്ടി-4 മണി, മാര്‍ച്ച് 31: എടൂര്‍-10 മണി, കീഴ്പ്പള്ളി-11.30, വള്ളിത്തോട്- 1 മണി, കരിക്കോട്ടക്കരി-2.30, ആറളം- 4 മണി, ഏപ്രില്‍ ഒന്ന്: കാക്കയങ്ങാട്-10 മണി, പേരാവൂര്‍- 11.30, കേളകം-1 മണി, കൊട്ടിയൂര്‍- 2.30, തുണ്ടിയില്‍ 4 മണി.

 

കടാശ്വാസം: 29.66 ലക്ഷം അനുവദിച്ചു

കേരള കടാശ്വാസ കമീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക്/ബാങ്കുകള്‍ക്ക് അനുവദിച്ച 29,66,955 രൂപ വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. 13 സഹകരണ സംഘം/ബാങ്കുകളിലെ 124 ഗുണഭോക്താക്കള്‍ക്ക് കടാശ്വാസം ലഭ്യമാവും.

date