മഴയ്ക്ക് മുമ്പേ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനൊരുങ്ങി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
ആലങ്ങാട്: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'ആരോഗ്യ ജാഗ്രത പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞം 2019' അര്‍ധദിന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പകര്‍ച്ചവ്യാധികള്‍ പെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി മഴയ്ക്കു മുന്‍പേ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. പകര്‍ച്ചവ്യാധികള്‍ പെരുകുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ബോധവല്‍ക്കരണം നടത്തുന്നതിനും മാലിന്യ നിര്‍മ്മാര്‍ജനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
ഇതിന്റെ ഭാഗമായി ആലങ്ങാട്, കരുമാലൂര്‍, കടുങ്ങല്ലൂര്‍, വരാപ്പുഴ എന്നീ പഞ്ചായത്തുകളുടെയും തൊഴിലുറപ്പ് പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഇന്നും നാളെയും മാസ്സീവ് ക്ലീന്‍ ക്യാമ്പയ്ന്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കും. കാനകളില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയണം. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗങ്ങള്‍ കുറയ്ക്കുന്നതിന് പഞ്ചായത്ത് തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തോട്ടങ്ങളും അഥിതി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളും ആക്രി കടകളും സന്ദര്‍ശിക്കും. റബര്‍തോട്ടങ്ങളില്‍ ചിരട്ടകളില്‍ വെള്ളം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കും. മുന്‍കാലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് തലത്തില്‍ ഇത്തരം തിരിഞ്ഞ് മഞ്ഞ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധിച്ച് ക്ലോറിനേഷന് നേതൃത്വം നല്‍കും.
പഞ്ചായത്ത്തലത്തില്‍ വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതി രൂപീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ പെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ശുചിത്വ മാപ്പിങ് തയ്യാറാക്കാന്‍ വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതിയെ ചുമതലപ്പെടുത്തി. ഗാര്‍ഹികം, സ്ഥാപനം, പൊതു തലം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
50 വീടിന് ഒരു ക്ലസ്റ്റര്‍ എന്ന നിലയില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ശുചിത്വ സ്‌ക്വാഡ് രൂപീകരിക്കും. 200 വീടിന് ഒരു കണ്‍വീനറും ഉണ്ടാകും. ഞായറാഴ്ച ദിവസങ്ങളില്‍ െ്രെഡ ഡേ ആചരിക്കും.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു ചുള്ളിക്കാട്, വൈസ് പ്രസിഡന്റ് ബീന ബാബു. സെക്രട്ടറി റ്റി സി സാലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുരളി, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments