Skip to main content

വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ ഊര്‍ജിതം 

 

 

 

മെയ് 23 ന് നടക്കുന്ന, ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാമിക് സെന്റര്‍ ക്യാമ്പസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. കൂത്തുപറമ്പ്, തലശ്ശേരി നിയോജക മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ 14 നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും പോസ്റ്റല്‍ വോട്ടുകളും ജെ.ഡി.ടിയില്‍ 15 ഹാളുകളിലായാണ് എണ്ണുക. 14 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തിനും 14 വീതം ടേബിളുകള്‍ പ്രത്യേകമായി ഒരുക്കും. ഒരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കോണ്‍സ്റ്റിറ്റിയുവന്‍സി സൂപ്പര്‍വൈസറും അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്ന് പേരാണ് ഉണ്ടാവുക.  പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി വടകര, കോഴിക്കോട് മണ്ഡലങ്ങള്‍ക്കായി ആറ് വീതം ടേബിളുകള്‍ ഒരുക്കുന്നുണ്ട്. സൈനികരുടെ വോട്ടുകള്‍ എണ്ണുന്നതിനായി രണ്ട് ലോക്‌സഭ മണ്ഡലങ്ങള്‍ക്കുമായി 10 വീതം ടേബിളുകളും സജ്ജമാക്കും. കൂടാതെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മുഴുവന്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഉണ്ടാകും. തെരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളില്‍ എത്തിക്കുന്നതിന് പോളിംഗ് സ്റ്റേഷന് സമീപത്തായി മീഡിയ പവലിയനും ഒരുക്കുന്നുണ്ട്. 

 

 

 

മഴക്കാല പൂര്‍വ്വ ശുചീകരണവുമായി 

കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം

 

 

 

ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി പുതിയാപ്പ ഹാര്‍ബര്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൊതുശുചീകരണം നടത്തി. പുതിയാപ്പ ഹാര്‍ബറില്‍ ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ആരോഗ്യകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് നിര്‍വ്വഹിച്ചു. 

ശുചീകരണ വിഭാഗം ജീവനക്കാര്‍, മത്സ്യത്തൊഴിലാളികള്‍, മാര്‍ക്കറ്റിലെ കമ്മീഷന്‍ ഏജന്റുമാര്‍, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി എസ്.ടി.യു വ്യാപാരി വ്യവസായ സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, കോഴിക്കച്ചവടക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 200 ഓളം പേര്‍ ശുചീകരണപങ്കെടുത്തു.  തുടര്‍ന്നുള്ള ദിവസങ്ങ ളിലും ശുചീകരണം തുടരും. 

 

 

തൊഴില്‍ പരിശീലനകോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു 

 

 

ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ വിവിധതൊഴില്‍ മേഖലകളിലെ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയില്‍ സോളാര്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ്ങ് ടെക്‌നീഷ്യന്‍, വയര്‍മാന്‍ ലൈസന്‍സിങ്ങ് കോഴ്‌സ് എന്നിവയിലാണ് പ്രവേശനം നല്‍കുക. 

കമ്പ്യൂട്ടര്‍ എനേബ്ള്‍ഡ് ഫാഷന്‍ ഡിസൈനിങ്ങ്, അക്കൗണ്ടിങ്ങ് (ടാലി, സാപ്-ഫിക്കോ, ബിസി), വെബ് ഡിസൈനിങ്ങ്, ഗ്രാഫിക് ഡിസൈനിങ്ങ്, ഡി.സി.എ, കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയ്‌നിങ്ങ്, ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. 10 ാം ക്ലാസ് പാസ് ആണ് യോഗ്യത. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് മുന്‍ഗണന ലഭിക്കും. സി ഡിറ്റ്, എന്‍.ഐ.ഒ.എസ് എന്നീ സര്‍ക്കാര്‍ ഏജന്‍സികളുടെ അംഗീകൃത കോഴ്‌സുകളില്‍ പ്ലെയ്‌സ്‌മെന്റ് സൗകര്യം ഉണ്ടായിരിക്കും. അപേക്ഷാഫോം സിവില്‍സ്റ്റേഷനിലെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ലഭിക്കും.  അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി മെയ് 25. ക്ലാസ്സുകള്‍ ജൂണ്‍ 21 ന് ആരംഭിക്കും. ഫോണ്‍ നമ്പര്‍: 0495 2370026

 

 

പെന്‍ഷന്‍ വിവരങ്ങള്‍ അറിയിക്കണം

 

 

2016 ന് മുമ്പ് ഗ്രനേഡിയേഴ്‌സ്, ആര്‍ട്ടിലറി റജിമെന്റ് എന്നിവയില്‍ നിന്നും വിരമിച്ച വിമുക്തഭട•ാരും ഫാമിലി പെന്‍ഷന്‍ ലഭിച്ച വിധവകളും ആശ്രിതരും പെന്‍ഷന്‍ ലഭിക്കുന്ന ബാങ്ക്, ട്രഷറി, ഡി.പി.ഡി.ഓ എന്നിവയുടെ വിവരങ്ങള്‍ ഓഫീസില്‍ എത്രയും വേഗം അറിയിക്കണം. വിവരങ്ങള്‍ നല്‍കേണ്ട ഫോം കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍  0495 2771881.

 

 

വരവേല്‍പ് ജില്ലാതല ഉദ്ഘാടനം കോക്കല്ലൂരില്‍

 

 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുതുതായി പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം തേടിയെത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്വീകരണ പരിപാടിയായ വരവേല്‍പിന്റെ ജില്ലാതല ഉദ്ഘാടനം 16 ന്   കോക്കല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. അണ്‍ എയ്ഡഡ് മേഖലയില്‍ നിന്ന് പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ വന്‍ തോതിലുള്ള ഒഴുക്കിന്റെ പ്രഖ്യാപനം കൂടിയായാണ് വിദ്യാലയങ്ങളില്‍ വരവേല്‍പ് സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇന്‍ ചാര്‍ജ് വി പി മിനി പുതിയ കൂട്ടുകാരെ സ്വീകരിച്ച് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

പരിപാടി വിജയിപ്പിക്കുന്നതിനായി കോക്കല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചേര്‍ന്ന യോഗം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ പരീത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുസ്തഫ ദാരുകല അധ്യക്ഷനായി. സ്‌കൂള്‍ വികസന സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ പി പ്രമോദ്, സി വി ബഷീര്‍, സി വി ഗംഗാധരന്‍ കിടാവ്, കെ സി രാജന്‍, ആര്‍ രേഖ, പ്രിന്‍സിപ്പാള്‍ എം കെ ഗണേശന്‍, ഹെഡ് മാസ്റ്റര്‍ കെ കെ ശിവദാസന്‍, എ പി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

 

 

വേതനം കൈപ്പറ്റണം

 

കോഴിക്കോട് താലൂക്കിലെ എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൌത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ ലോകസഭാ തെരഞ്ഞെടുപ്പ് 2019 മായി ബന്ധപ്പെട്ട് നിയമിച്ച റിസര്‍വ് പോളിംങ് ഉദ്യോഗസ്ഥര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍  എന്നിവര്‍ അവരുടെ വേതനം ഇതുവരെ കൈപ്പറ്റാത്തവരായിട്ടുണ്ടെങ്കില്‍ ആയത് താലൂക്ക് ഓഫീസിലെ ധനകാര്യ വിഭാഗത്തില്‍ നിന്നും മെയ് 31 നകം കൈപ്പറ്റേണ്ടതാണെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ കോഴിക്കോട് താലൂക്ക് തഹസില്‍ദാര്‍  അറിയിച്ചു.  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയമന ഉത്തരവ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. 

 

പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് 

അപേക്ഷ ക്ഷണിച്ചു

 

 

ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ (ബിഎസ്എസ്) മലപ്പുറം സെന്ററില്‍  പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 15 നും 30 നും മധ്യേ പ്രായമുള്ള എസ് എസ് എല്‍ സി യോഗ്യതയുളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കോഴ്‌സിന്റെ ഭാഗമായി സ്‌കൂളുകളില്‍ പരിശീലനത്തിന് അവസരം ലഭിക്കും. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ് എന്നിവയില്‍ ക്ലാസുകള്‍ നല്‍കും. യുവജനോത്സവം, സ്‌പോര്‍ട്‌സ്, ഗെയിംസ് എന്നിവയില്‍ പ്രാഗത്ഭ്യം നേടിയവര്‍ക്ക് മുന്‍ഗണന. എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ മെയ് 30 നകം ഭാരത് സേവക് സമാജിന്റെ മലപ്പുറം സ്റ്റഡി സെന്ററായ രാജാജി പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ ലഭിക്കണം. അപേക്ഷാ ഫോം ഓഫീസില്‍ ലഭിക്കും.  ഫോണ്‍ 0483 2737177, 9847247066.

 

 

ഐ.എച്ച്.ആര്‍.ഡി കോളേജ് ഡിഗ്രി പ്രവേശനം

 

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കേരള യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അടൂര്‍ (04734-224076), ധനുവച്ചപുരം (0471-2234374), കുണ്ടറ (0474-2580866), മാവേലിക്കര (0479-2304494), കാര്‍ത്തികപ്പളളി (0479-2485370), കലഞ്ഞൂര്‍ (04734-272320), പെരിശ്ശേരി (0479-2456499) എന്നി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍  ഡിഗ്രി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസ്സും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റില്‍ www.ihrd.ac.inലഭിക്കും. അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. ഫോണ്‍ : 0471 2322985. 

 

 

ടെണ്ടര്‍ ക്ഷണിച്ചു

 

 

കോഴിക്കോട്  ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ നിന്നും ചെലവൂര്‍ എല്‍.പി , മലാപ്പറമ്പ് യു.പി, നടക്കാവ് ഗേള്‍സ്, എന്‍.ജി.ഒ ക്വാട്ടേഴ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് രാവിലെ കുട്ടികളെ കൊണ്ടുപോവുന്നതിനും ക്ലാസ് കഴിഞ്ഞ് തിരികെ സ്ഥാപനത്തില്‍ എത്തിക്കുന്നതിനും വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും അംഗീകൃത ട്രാവല്‍ ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 27 ന് രാവിലെ 11 മണി. ഫോണ്‍ 0495 - 2730459.

 

 

പശു വളര്‍ത്തല്‍ പരിശീലനം

 

 

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മെയ് 20, 21, 22 തീയതികളില്‍ പശു വളര്‍ത്തല്‍ പരിശീലനം നല്‍കും. താല്‍പര്യമുളളവര്‍ക്ക് മെയ് 15 ന് രാവിലെ 10 മണി മുതല്‍ പേര് രജിസ്റ്റര്‍  ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമേ ക്ലാസില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ.  കൂടുതല്‍ വിവരങ്ങള്‍ക്ക് - 04972- 763473.

 

 

date