Skip to main content

നാടിനു മാതൃകയായി ഹരിത കല്യാണം ഹരിത വിവാഹം

പ്ലാസ്റ്റിക്ക്, ഡിസ്പോസിബിള്‍ വസ്തുക്കള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ചു ഹരിത നിയമാവലി പാലിച്ചു നടത്തിയ കല്യാണം നാടിനു മാതൃകയായി. വെട്ടത്തൂര്‍ മണ്ണാര്‍മല ഓട്ടക്കല്ല് തൊടി ഉണ്ണിത്തായ- മീനാക്ഷി ദമ്പതികളുടെ ഏകമകള്‍ ശ്രീജയും കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളം കാമ്പ്രത്ത്കണ്ടി നാരായണന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ ഷിജുവും തമ്മിലുള്ള വിവാഹ സല്‍ക്കാരമാണ് കഴിഞ്ഞ ദിവസം മണ്ണാര്‍മല ഇമ്മു ഓഡിറ്റോറിയത്തില്‍ നടന്നത്.
സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് പ്ലാസ്റ്റിക്ക് ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഉപേക്ഷിച്ച് വിവാഹച്ചടങ്ങ് നടത്തിയത്. ബിരുദാനന്തര ബിരുദധാരിയായ വധു ശ്രീജയുടെ ഹരിത കല്യാണമെന്ന ആഗ്രത്തോടൊപ്പം പ്രോല്‍സാഹനവുമായി വീട്ടുകാരും ബന്ധുക്കളും ചേര്‍ന്നപ്പോള്‍ അതു പുതുമാതൃക സൃഷ്ടിച്ചു. നിശ്ചയം ഉള്‍പ്പെടെയുള്ള വിവാഹ പൂര്‍വ്വ ചടങ്ങളും തികച്ചും പരിസ്ഥിതി സൗഹൃദമായാണ് നടത്തിയിരുന്നത്.
പെരിന്തമണ്ണയിലെ ജീവനത്തിന്റെ സഹകരണത്തോടെയാണ് വാഴയിലയും സ്റ്റീല്‍ ഗ്ലാസുകളും ചൂരല്‍ കൊട്ടകളുമൊക്കെ സംഘടിപ്പിച്ച് 1800 ലേറെ പേര്‍ക്ക് വിവാഹ സല്‍ക്കാരം നടത്തിയത്. ഭക്ഷണം വിളമ്പാന്‍ കുടുംബശ്രീ പ്രവര്‍ത്തകരും കൂട്ടുചേര്‍ന്നു. കല്യാണ വേദിയും പരിസരവുമെല്ലാം പരിസ്ഥിതി സൗഹൃദമായാണ് അലങ്കരിച്ചത്. നാടിനു മാതൃക സൃഷ്ടിച്ച വിവാഹത്തില്‍ വധൂവരന്‍മാരെ അനുഗ്രഹിക്കാനും പ്രോല്‍സാഹിപ്പിക്കാനും ഗ്രാമപഞ്ചായത്ത് അധികൃതരുമെത്തി. ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ വധൂവരന്‍മാര്‍ക്കു നല്‍കി. ശുചിത്വമിഷന്റെ മാതൃകാപത്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഹംസക്കുട്ടി നല്‍കി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ജെ.പ്രേമ, മുന്‍ പ്രസിഡന്റ് കെ.മമ്മു തുടങ്ങിയവര്‍ പങ്കെടുത്തു.

 

date