Skip to main content

വ്യവസായ സംരംഭകർക്ക് സബ്‌സിഡിയായി 1.93 കോടി രൂപ നാട്ടിലെ ഉത്പന്നങ്ങൾ വാങ്ങാൻ നാട്ടുകാർ ശ്രദ്ധിക്കണം: മന്ത്രി ജി. സുധാകരൻ

 

ആലപ്പുഴ: നാട്ടിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വാങ്ങാൻ നാട്ടുകാർ ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി ജി. സുധാകരൻ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ആലപ്പുഴയിൽ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശസാധനങ്ങളോടുള്ള ഭ്രമം നിലനിൽക്കുന്നു. പരസ്യത്തിനു പിറകേ പോകാതെ നാട്ടിലെ ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന ശീലം ഉണ്ടാകണം. ചെറുകിട-ഇടത്തരം വ്യവസായങ്ങൾ പ്രോത്സാഹിപ്പിച്ച് സംസംസ്ഥാനത്തിന്റെ വ്യാവസായിക പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് സർക്കാരിന്റെ ശ്രമം. വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ടെങ്കിലും ഒരു പഞ്ചായത്ത് പോലും സംരഭകത്വ സംഗമമോ നിക്ഷേപക സംഗമമോ വിളിച്ചു കണ്ടിട്ടില്ല. ഫയലുകൾ വച്ചു താമസിപ്പിക്കുന്നത് അഴിമതിയും അനാവശ്യചെലവും സൃഷ്ടിക്കും. അടിമുടി ഭരണപരിഷ്‌കാരം ആവശ്യമാണ്. വ്യാവസായിക ഭരണപരിഷ്‌കാരത്തിന് സർക്കാർ മുൻഗണന നൽകുന്നു. നോക്കുകൂലി അപരിഷ്‌കൃതവും ആഭാസകരവുമാണ്. 10 പൈസ നോക്കുകൂലിയായി നൽകരുത്. സർക്കാർ സംരക്ഷണം നൽകും. സാക്ഷരതയുണ്ടെങ്കിലും സാർവത്രിക സാംസ്‌കാരിക വളർച്ചയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

ജില്ലയിലെ 45 വ്യവസായ സംരംഭകർക്ക് സബ്‌സിഡിയായി അനുവദിച്ച 1.93 കോടി രൂപയുടെ വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചു. ജില്ലാ പൊട്ടൻഷ്യൽ സർവേ റിപ്പോർട്ട് കെ.എസ്.എസ്.ഐ.എ. ജില്ലാ പ്രസിഡന്റ് എം.എസ്. അനസിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം.വി. ലൗലി, മാനേജർമാരായ ആർ. സനിൽകുമാർ, കെ.എസ്. അജിമോൻ, സി. വിജയൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 66 സംരംഭകർക്കായി കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നു കോടി രൂപ സബ്‌സിഡിയായി വിതരണം ചെയ്തിരുന്നു. 

 

(പി.എൻ.എ.3048/17)

 

date