Skip to main content

സേവനസ്പർശം: കുട്ടനാട് താലൂക്കിൽ 84 പരാതികൾക്ക് പരിഹാരം പാടത്ത് കൃഷിയിറക്കണമെന്നാവശ്യപ്പെട്ട് ഹെഡ്മിസ്ട്രസ്; കൃഷി പുനരാരംഭിക്കാൻ കളക്ടറുടെ നിർദേശം

ആലപ്പുഴ: നെടുമുടി കല്ലമ്പള്ളി പാടശേഖരത്ത് കൃഷി പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ടി.വി. അനുപമ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദേശം നൽകി. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന കളക്ടറുടെ സേവനസ്പർശം പൊതുജനപരാതിപരിഹാര പരിപാടിയിൽ നടുഭാഗം ഗവൺമെന്റ് എൽ.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് നൽകിയ പരാതിയിലാണ് കളക്ടർ നടപടിക്ക് നിർദേശം നൽകിയത്. 

വർഷങ്ങളായി പാടശേഖരം തരിശുകിടക്കുന്നതുമൂലം പ്രദേശമാകെ കാടുപിടിച്ചു കിടക്കുന്നതായും ഇഴന്തുക്കളുടെ ശല്യവും വെള്ളക്കെട്ടും മൂലം സ്‌കൂളിലേക്ക് കുട്ടികളെ അയയ്ക്കാൻ മാതാപിതാക്കൾ തയാറാകുന്നില്ലെന്നും ഹെഡ്മിസ്ട്രസ് കളക്ടറെ അറിയിച്ചു. പാടശേഖരത്തിൽ കൃഷിയിറക്കുന്നതിന് കൃഷിഭവൻ മുഖേന നടപടി സ്വീകരിക്കുന്നതിന് പ്രിൻസിപ്പൽ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി.

കുട്ടനാട് സേവനസ്പർശത്തിൽ വിവിധ തരത്തിലുളള 490 പരാതി പരിഗണിച്ചു. 84 പരാതി തീർപ്പാക്കി. സ്‌കൂളിലേയ്ക്കുള്ള വഴിയുടെ ദുർഘടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൈനകരി മണലോടി തുരുത്ത് നിവാസികളായ കുട്ടികൾ അമ്മമാരോടൊപ്പം അദാലത്തിലെത്തി പരാതി നൽകി. ബ്ലോക്കിൽ നിന്നും അനുവദിച്ച റോഡ് സഞ്ചാരയോഗ്യമല്ലാതെ കുണ്ടും കുഴിയുമായി കിടക്കുകയാണെന്നും  പ്രശ്‌നങ്ങളല്ലാം പരിഹരിക്കുന്നതിന്  കളക്ടർ സഹായം നൽകണമെന്നും പരാതിയിൽ പറയുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. 

25 വർഷം മുൻപ് കുട്ടനാട് താലൂക്ക് ഓഫീസിൽ നിന്നും എൽ.ഐ.ജി.എച്ച് സ്‌കീമിൽ എടുത്ത ലോൺ അടച്ചു തീർത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ആധാരം തിരിച്ചു കിട്ടിയില്ലെന്ന് കൈനകരി വടക്ക് സ്വദേശി കളക്ടർക്ക് പരാതി നൽകി. വില്ലേജ് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ആധാരം കാലതാമസം കൂടാതെ തിരിച്ചുനൽകാൻ തഹസിൽദാർ ആന്റണി സ്‌കറിയയെ ചുമതലപ്പെടുത്തി. കാവാലം, നീലംപേരൂർ, പുളിങ്കുന്ന് പഞ്ചായത്തുകളിൽ വാട്ടർകിയോസ്‌കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യവുമായി ബ്ലോക്ക് പഞ്ചായത്തംഗവും അദാലത്തിലെത്തി. കിയോസ്‌കുകൾ സ്ഥാപിക്കുന്നതിന് തനതു ഫണ്ട് വിനിയോഗിക്കുന്നതിനുള്ള അനുമതി നൽകുന്ന സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരുമെന്ന് കളക്ടർ അറിയിച്ചു. 

വെള്ളക്കരം അടച്ചില്ലെങ്കിൽ കണക്ഷൻ റദ്ദു ചെയ്യുമെന്ന ജലഅതോറിറ്റിയുടെ നിലപാടിനെതിരെ വീട്ടമ്മമാർ പരാതിയുമായെത്തി. പുളിങ്കുന്നിൽ ജല അതോറിറ്റിയുടെ പൈപ്പുകളിൽ വെള്ളം കിട്ടുന്നില്ല.നേരത്തെ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വെള്ളം കിട്ടുമായിരുന്നു. പലയിടത്തും പൈപ്പ് ലൈനുകളും ടാപ്പുകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണെന്ന് പരാതിക്കാർ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി എം.പി., എം.എൽ.എ., ജലഅതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേരുമെന്ന് പരാതിക്കാരെ അറിയിച്ചു. നെല്ലു സംഭരണത്തിലെ ക്രമക്കേടുകൾ, ഫാം റോഡ് നിർമ്മാണം, മടവീഴ്ച, വിദ്യാഭ്യാസ വായ്പാ ഇളവ്, അയൽക്കാർ തമ്മിലുളള വഴി- അതിർത്തി തർക്കങ്ങൾ,  പട്ടയം, നിലം നികത്തൽ, എംപ്ലോയ്‌മെന്റ് നിയമനം, ഭവന നിർമ്മാണ പദ്ധതി, വീടു നവീകരണം, തുടങ്ങിയവ സംബന്ധിച്ച പരാതികൾ അദാലത്തിൻ ലഭിച്ചു. 

അദാലത്തിൽ സബ്ബ് കളക്ടർ വി.ആർ.കെ. തേജാ മൈലാവരപ്പൂ, എ.ഡി.എം. ഐ. അബ്ദുൾ സലാം, പുഞ്ച സ്‌പെഷൽ ഓഫീസർ മോൻസി പി. അലക്‌സാണ്ടർ, ഡെപ്യൂട്ടി കളക്ടർമാരായ എസ്. മുരളീധരൻപിള്ള, അതുൽ എസ്. നാഥ്, വിവിധ വകുപ്പുകളുടെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

 (പി.എൻ.എ.3051/17)

 

date