Skip to main content

ഓഖി ദുരന്തത്തില്‍ കടലില്‍ കാണാതായവരുടെ കുടുംബാംഗങ്ങളെ  മന്ത്രി മെഴ്‌സിക്കുട്ടിഅമ്മ സന്ദര്‍ശിച്ചു

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തി ഫിഷറീസ്   മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വെട്ടുകാട് നിന്നു കടലില്‍പോയി കാണാതായ അഞ്ചുപേരുടെയും  കൊച്ചുവേളിയില്‍ നിന്നു കാണാതായ ഒരാളുടെയും തുമ്പയില്‍ നിന്നു കാണാതായ ആറുപേരുടെയും വീടുകളാണ് മന്ത്രി സന്ദര്‍ശിച്ചത്. കാണാതായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ തെരച്ചില്‍ തുടരുകയാണെന്നു മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.

    കഴിഞ്ഞ മുപ്പതിന് മത്സ്യബന്ധനത്തിനായി കടലില്‍ പോവുകയും ചുഴലിക്കാറ്റില്‍പെടുകയും ചെയ്തവരെ രക്ഷപെടുത്താന്‍ രണ്ടു വള്ളങ്ങളില്‍ പുറപ്പെട്ട പത്തംഗ സംഘത്തിലെ അഞ്ചുപേരെയാണ് വെട്ടുകാട് നിന്നും കാണാതായത്. അഞ്ചുപേര്‍ തിരികെയെത്തി. ഷിബു, ജയിംസ്, സോളമന്‍, എല്‍വിന്‍, തോമസ് ക്രൂസ് (റോയി) എന്നിവരാണ് വെട്ടുകാട് നിന്നും പോയവരില്‍ തിരികെയെത്താത്തവര്‍. കൊച്ചുവേളിയില്‍ നിന്നു കടലില്‍പോയി കാണാതായ ജോണ്‍ ആല്‍ബര്‍ട്ടിന്റെ കുടുംബാംഗങ്ങളെയും തുമ്പയില്‍ നിന്നു കാണാതായ സിസില്‍ ഫെര്‍ണാണ്ടസ്, ജെറാള്‍ഡ് കാര്‍ലോസ്, ജോര്‍ജ് കുമാര്‍, ജോണ്‍ മാനുവല്‍, ആന്റണി രാജപ്പന്‍, തോമസ് എന്നിവരുടെ വീടുകളും മന്ത്രി സന്ദര്‍ശിച്ചു. ഇതില്‍ ജറാള്‍ഡിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. 

    ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ കാലതാമസമില്ലാതെ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. വെട്ടുകാട് പള്ളി വികാരിയെയും കമ്മിറ്റി ഭാരവാഹികളെയും സന്ദര്‍ശിച്ച മന്ത്രി ഭവനരഹിതരായ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാനാവശ്യമായ സ്ഥലം കണ്ടെത്താന്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

   പി.എന്‍.എക്‌സ്.5397/17

date