Skip to main content

ജില്ലയില്‍ പച്ചക്കറി വികസനത്തിന് 3.17 കോടി രൂപ

ജില്ലയില്‍ പച്ചക്കറി വികസനത്തിന് 3.17 കോടി രൂപ

 

കാക്കനാട്: പച്ചക്കറി കൃഷിയുടെ പുനരുജ്ജീവനത്തിന് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പച്ചക്കറി വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ജില്ലയ്ക്ക്   3.17 കോടി രൂപ അനുവദിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.  'ഓണത്തിന് ഒരു മുറം പച്ചക്കറി' പ്രചാരണത്തിന്റെ ഭാഗമായി  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 3.5 ലക്ഷം പച്ചക്കറിവിത്ത് പായ്ക്കറ്റുകള്‍ വിതരണം ചെയ്യും.  10 രൂപ വിലയുള്ള പായ്ക്കറ്റുകള്‍ സ്‌കൂള്‍ തുറന്ന് രണ്ടാഴ്ചക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കും.  പദ്ധതിപ്രകാരം കൃഷിഭവനുകള്‍ മുഖേന കര്‍ഷകര്‍ക്കും ഒരു ലക്ഷം വിത്തു പായ്ക്കറ്റുകളും 10 ലക്ഷം തൈകളും നല്‍കും.  വിഎഫ്പിസികെയുടെയും കൃഷി വകുപ്പിനു കീഴിലുള്ള വിവിധ ഫാമുകളുടെയും സഹകരണത്തോടെയാണ് വിത്തുകള്‍ വിതരണം ചെയ്യുന്നത്.  ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഫഌറ്റുകള്‍, നഴ്‌സറികള്‍ എന്നിവിടങ്ങളില്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കും.  സ്‌കൂളുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെയും വിഷരഹിത പച്ചക്കറിയുടെ ഗുണം വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുന്നതിന്റെയും ഭാഗമായി 10 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്ന സ്‌കൂളുകള്‍ക്ക് അയ്യായിരം രൂപ നല്‍കും.  210 സ്‌കൂളുകളിലാണ് ഇത്തവണ കൃഷിയിറക്കുക.  

കൃഷി പ്രോത്സാഹിപ്പിക്കാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ കൃഷിഭവനുമായി ബന്ധപ്പെടണം.  11 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.  അഞ്ച് ഹെക്ടറുള്ള പച്ചക്കറി ക്ലസ്റ്ററുകളായി സംഘടിച്ച് കൃഷി ചെയ്താല്‍ ക്ലസ്റ്ററിന് 75000 രൂപ വീതം നല്‍കും.  ഇത്തരത്തില്‍ 85 ക്ലസ്റ്ററുകള്‍ക്ക് ഈ വര്‍ഷം സഹായം നല്‍കും.  ആവശ്യാനുസരണം പമ്പ് സെറ്റുകളും ലഭ്യമാക്കും.  തരിശുനിലത്തില്‍ കൃഷിയിറക്കാന്‍ ഹെക്ടറിന് 25000 രൂപ വീതം ധനസഹായം നല്‍കും.  മഴമറകള്‍, തിരിനന, നഴ്‌സറികള്‍ എന്നിവ നിര്‍മിക്കുന്നതിനും സഹായം നല്‍കും.  താല്‍പര്യമുള്ളവര്‍ കൃഷിഭവനുമായി ബന്ധപ്പെടണം.  

date