Skip to main content

എലിപ്പനിക്കെതിരെ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

മഴക്കാലാരംഭത്തോടെ ജില്ലയില്‍ എലിപ്പനി വ്യാപകമാകാന്‍  സാധ്യതയുള്ളതിനാല്‍ എല്ലാവരും എലിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെനന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നവര്‍, വെള്ളക്കെട്ടില്‍ ജോലി ചെയ്യുന്നവര്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുന്നവര്‍, മൃഗപരിപാലകര്‍, എന്നിവര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.

ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ മൂലമാണ് എലിപ്പനി രോഗമുണ്ടാകുന്നത്.  കാര്‍ന്നുതിന്നുന്ന ജീവികളായ എലി, അണ്ണാന്‍ എന്നിവയും കന്നുകാലികളും ഇതിന്റെ രോഗാണുവാഹകരാണ്.  ഈ ജീവികളുടെ മൂത്രമോ അതുകലര്‍ന്ന മണ്ണോ വെള്ളമോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്.  

പനി, തലവേദന, പേശീവേദന, കണ്ണിന് ചുവപ്പ്, ഓക്കാനം തുടങ്ങിയവയാണ് എലിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍.  തുടര്‍ന്ന് രോഗം മൂര്‍ച്ചിച്ച് കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങിയ ശരീരാവ്യവസ്ഥകളെയും ബാധിക്കും. ഇതെല്ലാം മരണകാരിയായി മാറാവുന്നതാണ്.  സ്വയം ചികിത്സയ്ക്ക് വിധേയരാകരുത്.  ചികിത്സ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്.   രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍    എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം.

ശുചീകരണപ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ മലിനജലവുമായി ബന്ധപ്പെട്ട് ജോലി എടുക്കുമ്പോള്‍ കൈയുറ,  കാലുറകള്‍ എന്നിവ ഉപയോഗിക്കണം.  ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ മലിനീകരിക്കപ്പെട്ട വെള്ളമോ, മണ്ണുമായോ സമ്പര്‍ക്കം ഉണ്ടാകാതെ നോക്കണം.

 

ഇത്തരം പ്രവര്‍ത്തികളില്‍ ഇറങ്ങുന്നതിന് തലേദിവസം മുതല്‍ ആഴ്ചയില്‍ ഒരു ദിവസം 200 mg ഡോക്‌സിസൈക്ലിന്‍ ഗുളിക ആറാഴ്ച വരെ കഴിക്കേണ്ടതാണ്.  എല്ലാ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ഗുളിക സൗജന്യമായി ലഭിക്കും.

 

ആഹാര സാധനങ്ങളും കുടിവെള്ളവും എലിമൂത്രം വഴി മലിനീകരിക്കപ്പെടാതെ മൂടിവെക്കുക, ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ വിധം സംസ്‌ക്കരിക്കുക, വീടുകളിലും സ്ഥാപനങ്ങളിലും മറ്റും എലിശല്യം ഇല്ലെന്ന് ഉറപ്പുവരുത്തുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം. 

date