എലിപ്പനിക്കെതിരേ ജാഗ്രത പുലര്‍ത്തണം: ഡിഎംഒ
എലിപ്പനിക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു. എലിയെ കൂടാതെ നായ, പൂച്ച, ആട്, പശു, പോത്ത്, കുറുക്കന് തുടങ്ങിയ ജീവികളുടെ മൂത്രത്തില്‍ കൂടിയും എലിപ്പനി രോഗാണു പകരാം. എലിമൂത്രം കലരാന്‍ സാധ്യതയുള്ള കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പര്‍ക്കമുണ്ടാകാതെ സൂക്ഷിക്കണം. ഇത്തരം സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ ഒരു ദിവസം മുന്‍പ് എലിപ്പനിക്കെതിരായ ഗുളിക കഴിക്കണം. ഈ ഗുളിക എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. എലിപ്പനി ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാം.കണ്ണിനു മഞ്ഞനിറം, പേശീ വേദന, പനി, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. എലിപ്പനിയെ മഞ്ഞപ്പിത്തമായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്.
പനിയും മഞ്ഞപ്പിത്ത ലക്ഷണവും കണ്ടാല്‍ ആരോഗ്യ കേന്ദ്രത്തിലെത്തി എലിപ്പനിയല്ലെന്ന് ഉറപ്പുവരുത്തണം. യഥാസമയം ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ആന്തരിക അവയവങ്ങള്‍ക്ക് രോഗം ബാധിച്ച് മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. അഞ്ചു മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളമേ കുടിക്കാന്‍ ഉപയോഗിക്കാവു. ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്നവര്‍ കയ്യുറകള്‍ നിര്‍ബന്ധമായും ധരിക്കണം. കൈത തോട്ടത്തില്‍ ജോലി ചെയ്യുന്നവര്‍ മുട്ടുവരെ മറയുന്ന കട്ടിയുള്ള കാലുറകളും കൈയുറകളും ധരിക്കണം. മൈതാനം, പാടം തുടങ്ങിയ സ്ഥലങ്ങളില്‍ കെട്ടി നില്ക്കുന്ന ജലത്തില്‍ കുട്ടികള്‍ ഇറങ്ങരുത്. എലിപ്പനിക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളോട് എല്ലാവരും ക്രിയാത്മകമായി പ്രതികരിച്ച് സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments