ചെങ്ങോട്ടുമല ഖനനം
ചെങ്ങോട്ടുമല ഖനനം സംബന്ധിച്ച അനുമതിക്ക് സമര്‍പ്പിച്ച അപേക്ഷ കളക്ടറേറ്റില്‍ ചേര്‍ന്ന സിംഗിള്‍ വിന്‍ഡോ ക്ലിയറന്സ ബോര്‍ഡ് യോഗം നിരസിച്ചു. ക്വാറിപ്രവര്‍ത്തനം സംബന്ധിച്ച കൂടുതല്‍ വിശകലനത്തിനായി സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റിക്ക്് ( State Environmental Impact Assessment Authority) വിടാന്‍ ജില്ലാകലക്ടര്‍ സാംബശിവറാവു നിര്‍ദേശിച്ചു.
ഖനനാനുമതിക്കായി സമര്‍പ്പിച്ച അപേക്ഷ നേരത്തെ ഗ്രാമപഞ്ചായത്ത് നിരസിച്ചിരുന്നു. മലബാര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി യില്‍ നിന്ന് ഖനന പ്രദേശത്തിനുള്ള ദൂരം നിര്‍ദിഷ്ട 10 കിലോമീറ്ററില്‍ കുറവാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. നാട്ടുകാരുടെ ഈ വാദം വനം വകുപ്പ് അധികൃതര്‍ ശരിവെച്ചിരുന്നു
ഖനനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കഴിഞ്ഞമാസം ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഖനനാനുമതി നല്‍കിയതിനു അടിസ്ഥാനമായ പാരിസ്ഥിതികാഘാതപഠനം മതിയായ വിധത്തിലല്ലെന്ന് ഈ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കി. ക്വാറികളുടെ പ്രവര്‍ത്തനം ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കാന്‍ സാധ്യതയുണ്ടെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്തെ പ്രകൃതിവിഭവങ്ങളെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. എന്നാല്‍ വിദഗ്ധ സമിതിക്ക് പഠനം നടത്താന്‍ ലഭിച്ച സമയം വളരെ കുറവായതിനാല്‍ റാപിഡ് എന്‍വയോണ്‍മെന്റല്‍ പഠനം മാത്രമാണ് നടത്തിയത് കൂടുതല്‍ വിശദവും ശാസ്ത്രീയവുമായ പഠനം നടത്തണമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പഞ്ചായത്തും വിദഗ്ധ സമിതിയും സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ ചെങ്ങോട്ടുമല ഖനനം സംബന്ധിച്ച വിഷയം സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റിക്ക് വിടാന്‍ തീരുമാനിച്ചത്.
ജില്ലാ കളക്ടര്‍, വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡണ്ട് , മലീനികരണ ബോര്‍ഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, നഗര ഗ്രാമാസൂത്രണവകുപ്പ്, ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ്, മൈനിങ് ആന്റ് ജിയോളജി , തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരാണ് ഹിയറിങ് കമ്മറ്റിയില്‍ ഉണ്ടായിരുന്നത്
- Log in to post comments