Skip to main content

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുമായി കൃഷി വകുപ്പ്

 

ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍നിന്ന് തന്നെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആരംഭിച്ചു. പച്ചക്കറി ഉത്പാദനത്തില്‍ അടുത്ത നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് സുരക്ഷിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പച്ചക്കറി കൃഷിവികസന പദ്ധതി. ഇതില്‍ ഏറെ ശ്രദ്ധേയമായതാണ് ഓണത്തിന് ഒരുമുറം പച്ചക്കറി. പച്ചക്കറി കൃഷി വികസന പദ്ധതിയിലെ വിവിധ ഘടകങ്ങള്‍ക്ക് ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം 2.6 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കും. ഓണത്തിന് ഒരു മുറം പച്ചക്കറി ഉല്‍പാദനത്തിന് 4.6 ലക്ഷം വിത്ത് പാക്കറ്റുകള്‍ സ്‌കൂള്‍ കുട്ടികള്‍, കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് നല്‍കും. ഒരു പായ്ക്കറ്റിന് 10 രൂപാ നിരക്കിലാണ് വില്‍പന. ഏഴ് ലക്ഷം പച്ചക്കറി തൈകളും കര്‍ഷകര്‍ക്ക് നല്‍കും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 15000 രൂപ പ്രകാരം അഞ്ച് ഹെക്ടര്‍ ഗ്രൂപ്പിന് 75000 രൂപ നല്‍കും. ഇത്തരത്തില്‍ 75 ക്ലസ്റ്ററുകള്‍ക്ക് സഹായധനം ലഭ്യമാക്കും. ഓണത്തിന് പച്ചക്കറി ഓരോ കുടുംബവും സ്വന്തമായി ഉത്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ ചുമതല വഹിക്കുന്ന സിസി കുര്യന്‍ പറഞ്ഞു.                  (പിഎന്‍പി 1407/19)

date