ലോക രക്തദാതാ ദിനം: ജില്ലാതലാചരണം
ലോക രക്തദാതാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സെന്റ് തോമസ് കോളേജിൽ കോർപ്പറേഷൻ മേയർ അജിത വിജയൻ നിർവഹിച്ചു. സന്നദ്ധ രക്തദാനം ചെയ്യുന്ന വ്യക്തികളുടെ സേവനത്തിനു നന്ദി പറയുന്നതിനും ഇതുവരെ രക്തം ദാനം ചെയ്യാത്തവരെ രക്തദാനത്തിനായി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് 2004 മുതൽ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ജൂൺ 14 ലോക രക്തദാതാ ദിനമായി ആചരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യണം എന്നും ദാനം ചെയ്യുന്ന ദിനത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തണമെന്നും ഈ ദിവസം ഓർമിപ്പിക്കുന്നു. മഞ്ഞപ്പിത്തം, എച്ച്ഐവി എയ്ഡ്സ് മുതലായ രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ ഉള്ളവരും മറ്റു രോഗങ്ങൾ ഉള്ളവരും രക്തം ദാനം ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കണം. അപൂർവ രക്തഗ്രൂപ്പ് ഉള്ളവർ രക്തം ദാനത്തിന് ശേഷം അത്യാവശ്യ ഘട്ടങ്ങളിൽ ആവശ്യമുള്ളവർക്ക് ആ രക്തഗ്രൂപ്പിലുള്ള രക്തം ലഭ്യമാവുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. സാർവത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാവർക്കും സുരക്ഷിത രക്തം ഉറപ്പാക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശം.
കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം എൽ റോസ്സി അദ്ധ്യക്ഷത നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ മേജർ ഡോ. ടി വി സതീശൻ ലോക രക്തദാന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെന്റ് തോമസ് കോളേജ് എക്സിക്യൂട്ടീവ് മാനേജർ ഫാ. വർഗീസ് കുത്തൂർ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസ്, സെന്റ് തോമസ് കോളേജ് എൻഎസ്സ്എസ്സ് യൂണിറ്റ്,ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ലയൺസ് ക്ലബ്, ബോധി ഇന്ത്യ എന്നിവർ സംയുക്തമായി രക്തദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും സന്നദ്ധ സേവകരും ഉൾപ്പടെ 46 പേർ രക്തം ദാനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം സംഘടിപ്പിച്ച സെമിനാറിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്ക് അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. സജിത്ത് രക്തദാനവും സമൂഹവും എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു. സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ എൽ ജോയ് സ്വാഗതവും ജില്ലാ ടിബി സെന്റർ കൺസൽട്ടൻറ് ഡോ. പി സജീവ് കുമാർ നന്ദിയും പറഞ്ഞു.
- Log in to post comments