Skip to main content

ക്ഷീരകർഷകർക്ക് ആശ്വാസമായി  കൊടുങ്ങല്ലൂർ നഗരസഭ

ക്ഷീരകർഷകർക്ക് 10 ലക്ഷം രൂപ ആശ്വാസധനം നൽകി കൊടുങ്ങല്ലൂർ നഗരസഭ മാതൃകയായി. നഗരസഭയുടെ 2019-20 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ ക്ഷീരകർഷകർക്കായുള്ള പദ്ധതി പ്രകാരമാണ് ആശ്വാസധനം കൈമാറ്റം. ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് ലിറ്ററിന് പ്രതിദിനം നാല് രൂപ പ്രകാരമാണ് ആശ്വാസധനം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകിയത്. കൊടുങ്ങല്ലൂർ, പുല്ലൂറ്റ്, അഞ്ചപ്പാലം, കണ്ടംകുളം, തിരുവഞ്ചിക്കുളം എന്നീ ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന 143 കർഷകർക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചത്. പാലിന്റെ അളവനുസരിച്ച് 40,000 രൂപ വരെ ഈ പദ്ധതി പ്രകാരം കർഷകർക്ക് ലഭിച്ചു. 2018 ഏപ്രിൽ മുതൽ സംഘങ്ങൾ വഴി പാൽ അളന്ന കർഷകരാണ് ഗുണഭോക്താക്കളായത്. കൊടുങ്ങല്ലൂർ ക്ഷീരവികസന ഓഫീസർ എ. കവിതയാണ് പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയത്.
മുൻ സാമ്പത്തിക വർഷങ്ങളിൽ നഗരസഭ ഈ പദ്ധതിക്കായി പണം നീക്കിവെച്ചിരുന്നെങ്കിലും ഈ വർഷമാണ് ആദ്യമായി പദ്ധതി യാഥാർത്ഥ്യമാക്കുവാൻ കഴിഞ്ഞത്. പദ്ധതിയുടെ നിർവ്വഹണ ഉദ്യോഗസ്ഥയായി ജില്ലാ ക്ഷീരവികസന ഓഫീസറെയാണ് സർക്കാർ നിയമിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക തടസ്സങ്ങൾ മൂലം നടപ്പാക്കാൻ കാലതാമസം നേരിട്ടെങ്കിലും സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിൽ സംഖ്യ നഷ്ടപ്പെടാതിരിക്കുവാൻ നഗരസഭ സെക്രട്ടറിയെ നിർവ്വഹണ ഉദ്യോഗസ്ഥനാക്കി പദ്ധതി വിജയകരമായി നടപ്പിലാക്കിയെന്ന് നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു.

date