വിദ്യാഭ്യാസം ഭാവിയിലേക്കുള്ള നിക്ഷേപം: മന്ത്രി എ സി മൊയ്തീന്‍
വിദ്യാഭ്യാസ മേഖലയില്‍ മുടക്കുന്ന പണം ലാഭത്തിനു വേണ്ടിയുള്ളതല്ലെന്നും ഇത് ഭാവിയുടെ അടിത്തറ ഭദ്രമാക്കാനുള്ള നിക്ഷേപമാണെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി കണ്ണൂര്‍ നിയമസഭാ നിയോജക മണ്ഡലം വികസന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിജയതിലകം 2019 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപങ്ങളും വികസന പ്രവര്‍ത്തനങ്ങളും ഉല്‍പാദനപരമല്ലെന്ന പേരില്‍ മുമ്പ് എതിര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ അന്ന് നടപ്പിലാക്കിയ വിദ്യാഭ്യാസ നയങ്ങളാണ് ഇന്ന്് കേരളത്തിന്റെ അടിത്തറ ശക്തമാക്കിയത്. ലോകത്തിന്റെ ഏത് കോണിലും കാണുന്ന മലയാളി സാന്നിധ്യം ഈ വിദ്യാഭ്യാസ പുരോഗതിയുടെ ഫലമാണെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍. സംസ്ഥാന സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റി. കാലാനുസൃതമായി വിദ്യാലയങ്ങളെ പുനസംഘടിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനം, അക്കാദമിക് രീതി, എല്ലാവര്‍ക്കും തുല്യമായ പഠന സൗകര്യം എന്നിവയിലെല്ലാം വന്ന മാറ്റങ്ങള്‍ സമൂഹം അംഗീകരിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങി എല്ലാവരുടെയും പിന്തുണയോടെ പൊതുവിദ്യാലയങ്ങള്‍ മുന്നേറുകയാണ്. അതിനാല്‍ വിദ്യാര്‍ഥികള്‍ നേടുന്ന ഉന്നത വിജയങ്ങള്‍ സമൂഹത്തിനും അവകാശപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ വിജയം നേടി സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുന്നവര്‍ സമൂഹത്തോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തം മറക്കരുത്. ചില ഉദ്യോഗസ്ഥര്‍ മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് നല്‍കുന്നില്ല. പലപ്പോഴും ഒരു സര്‍ട്ടിഫിക്കറ്റിനായി നിരവധി തവണ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാകുന്നു. ഈ സ്ഥിതി മാറണം - മന്ത്രി പറഞ്ഞു. റബ്‌കോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കണ്ണൂര്‍ മണ്ഡലത്തിലെ 430 വിദ്യാര്‍ഥികളെയും ഉന്നത വിജയം കരസ്ഥമാക്കിയ എട്ട് സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ സ്‌കൂളുകളെയും അനുമോദിച്ചു.
തുറമുഖ -പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ എം രാജീവന്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നല്‍കി. മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ വെള്ളോറ രാജന്‍, ഷാഹിന മൊയ്തീന്‍, സി സീനത്ത്, മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ പങ്കജാക്ഷന്‍, കണ്ണൂര്‍ കന്റോണ്‍മെന്റ് വൈസ് പ്രസിഡണ്ട് കേണല്‍ പി പത്മനാഭന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മല ദേവി, ഹയര്‍ സെക്കണ്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ പി എന്‍ ശിവന്‍, കണ്ണൂര്‍ നിയമസഭാ മണ്ഡലം വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ എന്‍ ടി സുധീന്ദ്രന്‍ മാസ്റ്റര്‍, കണ്ണൂര്‍ നിയമസഭാ മണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, യു ബാബു ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/1996/2019
- Log in to post comments