Skip to main content

നല്ലറിവു കൂട്ടം രണ്ടാം വര്‍ഷത്തിലേക്ക് ഒരു വിദ്യാലയത്തിന് ഒരു ഡോക്ടര്‍ പദ്ധതി നടപ്പാക്കും

 

ജില്ലാ പഞ്ചായത്തിന്റെ നല്ലറിവു കൂട്ടം പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എജ്യു കെയര്‍ പദ്ധതിയുടെ ഭാഗമായി  ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ ആരോഗ്യ ബോധവല്‍ക്കരണ പദ്ധതിയാണ് നല്ലറിവു കൂട്ടം.

 

 എണ്‍പതോളം ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 15  ബി.ആര്‍.സി അധ്യാപകരുടെ സംഘാടനത്തോടെയാണ് കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വര്‍ഷം 123  യു പി സ്‌കൂളുകളിലും 110  ഹൈസ് കൂളുകളിലുമാണ് പദ്ധതി നടപ്പിലാക്കിയത്. യു.പി വിദ്യാര്‍ത്ഥികള്‍ക്ക് ്ആഹാരരീതിയും ആരോഗ്യ ശീലങ്ങളും എന്ന വിഷയത്തെയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗമാര ആരോഗ്യവും ജീവിത ശൈലിയും എന്ന വിഷയത്തെയും ആസ്പദമാക്കിയാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്ലറിവ് പദ്ധതി പ്രകാരം സംഘടിപ്പിച്ചത്.  കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ ഈ ക്ലാസുകള്‍ക്ക്  വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അധ്യാപകരുടെ  അഭിപ്രായം. ഇത് കണക്കിലെടുത്താണ് പദ്ധതി ഈ വര്‍ഷവും നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. 

 

 

 ഈ വര്‍ഷം കൂടുതല്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഒരു വിദ്യാലയത്തിന് ഒരു ഡോക്ടര്‍ എന്ന ആശയവും പദ്ധതിയുടെ ഭാഗമായി  നടപ്പിലാക്കും. ബോധവല്‍ക്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാംപുകള്‍, സെമിനാറുകള്‍, കുട്ടികള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണം, ആരോഗ്യ വിഷയാധിഷ്ഠിത സംവാദങ്ങള്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍കരണം, പരീക്ഷാ പേടിയ്ക്ക് കൗണ്‍സിലിംങ് എന്നിങ്ങനെ വിവിധ പരിപാടികള്‍ ചേര്‍ന്നാണ് രണ്ടാം ഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ക്കു പുറമെ കൂടുതല്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നെതന്ന് പദ്ധതിയുടെ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഡോ രാഹുല്‍ ആര്‍ പറഞ്ഞു. 

 

 

ഡോക്ടര്‍മാരായ രാഹുല്‍ ആര്‍, രാജേഷ് എന്‍ ,പ്രവീണ്‍ കെ, റീജ മനോജ്, അഞ്ജന രാജേഷ്, ജ്യോത്സന പി എന്നിവരായിരുന്നു പദ്ധതിയുടെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍. പദ്ധതിയിലെ ക്ലാസുകള്‍ക്കു ശേഷമുള്ള ചര്‍ച്ചയില്‍ പലപ്പോഴും കുട്ടികള്‍ പങ്കുവച്ചത് ഞെട്ടിക്കുന്ന രഹസ്യങ്ങളായിരുന്നുവെന്ന് ഡോ രാഹുല്‍ ആര്‍ പറഞ്ഞു.  ലഹരി ഉല്‍പന്നങ്ങള്‍ കുട്ടികളിലെത്തുന്നത് എങ്ങനെയെന്നതും ചില കുട്ടികള്‍ വെളിപ്പെടുത്തി.  ജീവിത ശൈലി എന്ന വിഷയത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയത് കുട്ടികളുടെ സാമൂഹികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങളെ കുറിച്ചുള്ള ചര്‍ച്ചയായിരുന്നു. കൗമാര പ്രായത്തിലെ കുട്ടികളിലെ പെരുമാറ്റ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയത്തെ ആയുര്‍വേദത്തിലെ സദ് വൃത്തം, സ്വസ്ഥവൃത്തം ആശയങ്ങളുപയോഗിച്ചാണ് കുട്ടികളിലെത്തിച്ചത്. കുട്ടികളിലെ സോഷ്യല്‍ സ്‌കില്‍ ഡവലപ്‌മെന്റിന് ആവശ്യമായ ആശയവിനിമയ പാടവം, പ്രശ്‌ന പരിഹാരത്തിനുള്ള കഴിവ്, ഇമോഷണല്‍ ബാലന്‍സിങ് എന്നിവ അടിസ്ഥാനമാക്കിയുള്ള കളികളും  ഉള്‍പ്പെടുത്തിയിരുന്നു.  

date