വിഴിഞ്ഞത്തെ ഓഖി ദുരിതബാധിത കുടുംബാംഗങ്ങളെ മന്ത്രി സന്ദര്‍ശിച്ചു
വിഴിഞ്ഞം ഭാഗത്തുനിന്നും കടലില്‍ മത്സ്യബന്ധനത്തിനു പോകുകയും ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരണമടയുകയും കാണാതാവുകയും ചെയ്ത 26 മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
വിഴിഞ്ഞത്തുനിന്നും ചെറുവള്ളങ്ങളിലും ബോട്ടുകളിലും കടലില്‍പോയ ഇരുപതോളം പേരെയാണ് ഇനിയും കുടുംബാംഗങ്ങള്‍ കാത്തിരിക്കുന്നത്. മരണപ്പെട്ടവരും ഇനിയും കണ്ടെത്തിയിട്ടില്ലാത്തവരുമായ പീറ്റര്‍, ഫ്രാന്‍സിസ്, ശബരിയാര്‍, ഷൈന്‍, ഷൈജന്‍, രാജു, അത്തനാസ്, സൈറസ്, ആരോഗ്യ വര്‍ഗീസ്, വിക്ടര്‍ മേരിദാസന്‍, ഷാജി പീറ്റര്‍, വില്‍ഫ്രഡ് ലിയോണ്‍, രാജാമണി, വിന്‍സന്റ,് ഫ്രെഡി വിന്‍സന്റ്, മുത്തപ്പന്‍, സെബസ്ത്യര്‍ അടിമ, ക്രിസ്റ്റടിമ, ജയന്‍, സേവ്യര്‍ ജോസഫാത്ത്, ക്രിസ്റ്റടിമ അരുളപ്പന്‍, ആല്‍ബി ജോസഫ്, ജോയി, ഷാജി, ജോണ്‍ ശബര്യാര്‍, സില്‍വസ്റ്റര്‍ എന്നിവരുടെ കുടുംബാംഗങ്ങളെയാണ് മന്ത്രി സന്ദര്‍ശിച്ചത്.
കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നു മന്ത്രി പറഞ്ഞു. വലിയൊരു ദുരന്തമാണ് മത്സ്യത്തൊഴിലാളികള്‍ നേരിട്ടത്. ഉറ്റവര്‍ നഷ്ടപ്പെടുന്നത് ആര്‍ക്കും സഹിക്കാവുന്നതല്ല. എങ്കിലും എല്ലാ സങ്കടങ്ങളേയും സംയമനത്തോടെ നേരിടണമെന്നും ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ കാലതാമസമില്ലാതെ ലഭ്യമാക്കുമെന്നും കാണാതായവരുടെ കുടുംബാംഗങ്ങളോട് മന്ത്രി പറഞ്ഞു.
പി.എന്‍.എക്‌സ്.5442/17
- Log in to post comments