Skip to main content

മഹാപ്രളയം പ്രമേയമായി കോഴഞ്ചേരി പഞ്ചായത്തിന്റെ ഡോക്യുമെന്ററി

 

കേരളത്തെ നടുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് തയാറാക്കിയ ''അമൃതംഗമയ'' ഡോക്യുമെന്ററിയുടെ നിര്‍മാണം പൂര്‍ത്തിയായി. കോഴഞ്ചേരിയില്‍ സംഹാരതാണ്ഡവമാടിയ പ്രളയം ഇതിവൃത്തമാകുന്ന ഡോക്യുമെന്ററി 2018 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് പൂര്‍ത്തീകരിച്ചത്. പ്രളയജലത്തില്‍ നിന്നും ഒരു ഗ്രാമത്തെ ഉയര്‍ത്തിയെടുത്ത ഗ്രാമപഞ്ചായത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയം ഓരോ ജനപ്രതിനിധിയും ഡോക്യുമെന്ററിയില്‍ വിവരിക്കുന്നു. പ്രളയദിവസത്തെ ദുരന്തദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

പ്രളയത്തിന്റെ കെടുതികള്‍, അനുഭവസാക്ഷ്യങ്ങള്‍, പുനരധിവാസം, പുനര്‍നിര്‍മാണം  എന്നിവ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള   ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നു. വീണാജോര്‍ജ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി.നൂഹ് തുടങ്ങിയവര്‍ അനുഭവസാക്ഷ്യങ്ങള്‍  വിവരിക്കുന്നുണ്ട്.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിശ്യാംമോഹന്റെ നിര്‍ദേശത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.രാജേഷ്‌കുമാറിന്റെ ആശയത്തില്‍ സംവിധാനം നിര്‍വഹിച്ചത് വി.ഇ.ഒ വിനോദ് മിത്രപുരമാണ്. ജയരാജ്തുരുത്തി നീലേശ്വരം സ്‌ക്രിപ്റ്റും, ''ഭ്രമരം, തിരക്കഥ'' എന്നീ സിനമകളിലൂടെ പ്രസിദ്ധനായ സുനില്‍കൃഷ്ണ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

ജൂലൈ ആറിന് വൈകിട്ട് മൂന്നിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ കളക്ടര്‍ ഡോക്യുമെന്ററി പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ അടക്കം വിവിധ പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങിനുശേഷം ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.  

                 (പിഎന്‍പി 1620/19) 

 

 

date