Skip to main content

മൂന്നു മാസംകൊണ്ട് വെള്ളമെടുത്തത് 8000ലേറെ തവണ; കുറവിലങ്ങാട്ടെ കുടിവെള്ള എ.ടി.എം ഹിറ്റായി

വെറും ഒരു രൂപയ്ക്ക് ശുദ്ധീകരിച്ച കുടിവെള്ളം നല്‍കുന്ന കുറവിലങ്ങാട് ബസ് സ്റ്റാന്‍ഡിലെ സ്മാര്‍ട്ട് വാട്ടര്‍ എ.ടി.എമ്മില്‍നിന്ന് മൂന്നു മാസംകൊണ്ട് കിട്ടിയത് എണ്ണായിരത്തിലേറെ രൂപ.
 

നാണയം നിക്ഷേപിച്ചശേഷം കൗണ്ടറില്‍ പാത്രം വെച്ച് സ്വിച്ച് അമര്‍ത്തിയാല്‍ നിശ്ചിത അളവില്‍ വെള്ളം ലഭിക്കും. ഗ്രാമപഞ്ചായത്ത് കിണറില്‍ നിന്നുള്ള വെള്ളം ആറു തവണ ശുചീകരിച്ച് മിനറലുകള്‍ ചേര്‍ത്ത് ടാങ്കില്‍ സംഭരിച്ചശേഷമാണ് എ.ടി.എമ്മില്‍ എത്തിക്കുന്നത്. കൗണ്ടറിലൂടെ വെള്ളം സംഭരിക്കുന്നതനുസരിച്ച് ടാങ്കിലേക്ക് പമ്പ് ചെയ്യുന്നതിന് ക്രമീകരണമുണ്ട്. മണിക്കൂറില്‍ 1000 ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനാകും.
 

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വെള്ളമെടുക്കുന്നതിന് ഗ്രാമപഞ്ചായത്ത് സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. സ്മാര്‍ട്ട് കാര്‍ഡ് കുടിവെള്ള കൗണ്ടറിനുനേരേ കാണിച്ചാല്‍ 200 മില്ലീലിറ്റര്‍ വെള്ളം ലഭിക്കും. 
 

  കുറവിലങ്ങാട് പഞ്ചായത്തും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ് വാട്ടര്‍ എ.ടി.എം. പദ്ധതിക്ക് രൂപം നല്‍കിയത്. പതിനൊന്നു ലക്ഷം രൂപയാണ് ചെലവ്.  പള്ളിക്കവല ബസ് സ്റ്റാന്‍ഡിലും എ.ടി.എം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണ്. 

date