Skip to main content

അഗതിരഹിത പഞ്ചായത്താകാന്‍ മാഞ്ഞൂര്‍

അഗതിരഹിത ഗ്രാമപഞ്ചായത്താകാന്‍ മാഞ്ഞൂര്‍ ഒരുങ്ങുന്നു. 2.09 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളായി ജനറല്‍ വിഭാഗത്തിലെ 109 കുടുംബങ്ങളെയും പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ 23  കുടുംബങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. 

ആശ്രയ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് അഗതി രഹിത കേരളം പദ്ധതി നടപ്പാക്കുന്നത്. അശരണരും നിരാലംബരുമായവര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. 

ഭക്ഷണം, കുടിവെള്ളം, ചികിത്സ, വസ്ത്രം, വിവിധതരം പെന്‍ഷനുകള്‍, ഭൂമി, പാര്‍പ്പിടം, ശുചിത്വ സംവിധാനം, വൈദ്യുതി, വിദ്യാഭ്യാസം എന്നിവ ഗുണഭോക്താക്കള്‍ക്കു ലഭിക്കും. ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ചുമതല കുടുംബശ്രീക്കാണ്. ആദ്യ ഘട്ടമായി പഠനോപകരണങ്ങളും ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. 

ജീവനോപാധികള്‍, തൊഴില്‍ പരിശീലനം, മാനസിക വികാസത്തിനുതകുന്ന സംവിധാനങ്ങള്‍ എന്നിവയിലൂടെ അഗതികളെ സ്വയംപര്യാപ്തരാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. 

വീടില്ലാത്തവര്‍ക്ക് വീട്, വീടിന്‍റെ നവീകരണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനു ജോര്‍ജ്ജ് പറഞ്ഞു. പഞ്ചായത്ത് പ്ലാന്‍ ഫണ്ട്, കുടുംബശ്രീ ചലഞ്ച് ഫണ്ട് എന്നിവയും വിവിധ ധനകാര്യ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സ്പോണ്‍സര്‍ഷിപ്പും പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 

date