Skip to main content

ജൈവ പച്ചക്കറിയുമായി ഞാറ്റുവേലചന്ത സംഘടിപ്പിച്ചു

  ചെറുപുഴ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേലചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബെന്നി കാവാലം അധ്യക്ഷനായി. ഇടനിലക്കാരില്ലാതെ ജൈവപച്ചക്കറി കര്‍ഷകര്‍ക്കു നേരിട്ട് ന്യായ വിലയില്‍ വില്‍പ്പന നടത്താന്‍ ഇതിലൂടെ സാധിക്കുമെന്നതാണ് ഞാറ്റുവേലചന്തയുടെ സവിശേഷതയെന്ന് പ്രസിഡണ്ട് പറഞ്ഞു. വിഷമില്ലാത്ത പഴം പച്ചക്കറികള്‍ ജനങ്ങള്‍ക്ക് ലഭിക്കാന്‍ അവസരമൊരുക്കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് മാന്യമായ വില ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു. 
നാടന്‍ ഇനമായ ആനക്കൊമ്പന്‍ വെണ്ട, നാടന്‍ കക്കിരി, പയര്‍ തുടങ്ങിയ പച്ചക്കറികളും അവയുടെ തൈകളും ചേന, ചേമ്പ് ചീര തുടങ്ങിയവയുടെ വിത്തുകളും പാഷന്‍ഫ്രൂട്ട്, പേര തുടങ്ങിയ പഴ വര്‍ഗങ്ങളും അവയുടെ തൈകളും പ്രദര്‍ശനവും വിപണനവും ഞാറ്റു വേല ചന്തയില്‍ നടന്നു. പഞ്ചായത്തിന്റെ കീഴിലെ എഴുപതോളം വരുന്ന കര്‍ഷകരാണ് ചന്തയില്‍ തങ്ങളുടെ ജൈവ പച്ചക്കറികളും തൈകളുമായി എത്തിയത്. പാറോത്തുംനീര്‍ എ ഗ്രേഡ് ക്ലസ്റ്ററിന്റെ പച്ചക്കറി മാര്‍ക്കറ്റില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങളായ വി കൃഷ്ണന്‍, കെ രാജന്‍, വിജേഷ് പള്ളിക്കര, കൃഷി ഓഫീസര്‍ എ റെജിന, അസിസ്റ്റന്റ് കൃഷി ഓഫിസര്‍ ആര്‍ ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു. 
പി എന്‍ സി/2290/2019

date