റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കാന്‍ ചെലവിട്ടത് 28.81 കോടി രൂപ
പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍, കലുങ്കുകള്‍ തുടങ്ങിയവയുടെ പുനര്‍നിര്‍മാണത്തിനും നവീകരണത്തിനുമായി കോട്ടയം ജില്ലയില്‍ 28.81 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. 328.55 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മ്മിച്ചു.
വീടുകളിലും സ്ഥാപനങ്ങളിലും ഉള്‍പ്പെടെ 24101 വൈദ്യുതി കണക്ഷനുകള്‍ പുനഃസ്ഥാപിച്ചതായും 15 ട്രാന്‍സ്‌ഫോര്‍മറുകളും 855 പോസ്റ്റുകളും 66.34 കിലോമീറ്റര്‍ വൈദ്യുത കമ്പിയും പുനഃസ്ഥാപിക്കുന്നതിനായി 7.23 കോടി രൂപ സര്‍ക്കാര്‍ ചെലവിട്ടതായും ജനകീയം ഈ അതിജീവനം പരിപാടിയില്‍ ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
മത്സ്യമേഖലയില്‍ 483 പേര്‍ക്ക് 80.52ലക്ഷം രൂപ സഹായം നല്‍കി. പശുക്കള്‍ നഷ്ടമായ 144 പേര്‍ക്ക് 66.33 ലക്ഷം രൂപയും 41 പേര്‍ക്ക് തൊഴുത്തു നിര്‍മ്മാണത്തിന് 22.50 ലക്ഷം രൂപയും നല്‍കി. ഇതിനു പുറമേ 125 പേര്‍ക്കായി 62.50 ലക്ഷം രൂപ അവശ്യ ധനസഹായമായി അനുവദിച്ചു.
ഭാഗീകമായി തകര്‍ന്ന 8602 വീടുകള്‍ക്ക് 10000 രൂപ വീതവും 4785 വീടുകള്‍ക്ക് 60000 രൂപ വീതവും 2513 വീടുകള്‍ക്ക് 1.25 ലക്ഷം രൂപ വീതവും 1170 വീടുകള്‍ക്ക് 2.50 ലക്ഷം രൂപ വീതവും ലഭ്യമാക്കി.
പൂര്‍ണ്ണമായി തകര്‍ന്ന 481 വീടുകളില്‍ 134 എണ്ണം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ബാക്കിയുളളവ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കെയര്‍ ഹോം പദ്ധതിഒന്നാം ഘട്ടത്തിലെ 83 വീടുകള്‍ പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറി. രണ്ടാം ഘടത്തിലെ 100 കുടുംബങ്ങള്‍ക്ക് 100 അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കുന്നതിനുളള പദ്ധതി അകലകുന്നം ഗ്രാമപഞ്ചായത്തില്‍ ഉടന്‍ ആരംഭിക്കും.
സഹകരണ വകുപ്പിന്റെ റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീമില്‍ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായ 5692 പേര്‍ക്കായി 3310.34 ലക്ഷം രൂപ വായ്പ നല്‍കി. ഉജ്ജീവനം സഹായ പദ്ധതിയിലൂടെ 19 ചെറുകിട വ്യവസായങ്ങള്‍ക്കും കടകള്‍ക്കും വായ്പ നല്‍കി. കുടുംബസഹായ വായ്പയായി 192.22 കോടി രൂപയും അനുവദിച്ചു. 29269 വനിതകള്‍ക്കാണ് കുടുംബസഹായ വായ്പ നല്‍കിയത്. 29269 പേര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് 192.22 കോടി രൂപ ലിങ്കേജ് ലോണ്‍ അനുവദിച്ചു.
1272 കര്‍ഷകര്‍ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ സ്‌പെഷ്യല്‍ പാക്കേജ്, 1585 കര്‍ഷകര്‍ക്ക് മണ്ണു സംരക്ഷണം, 12468 കര്‍ഷകര്‍ക്ക് നെല്‍വിത്ത്, 15989 കര്‍ഷകര്‍ക്ക് ചെളി നീക്കം ചെയ്യല്‍ എന്നീയിനങ്ങളില്‍ കൃഷി വകുപ്പ് സഹായം നല്‍കി. കൃഷി പുനരുജ്ജീവിപ്പിക്കുന്നതിന് 37.55 കോടി രൂപയാണ് ചെലവഴിച്ചത്.
ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ച തിരുവാര്‍പ്പ്, അയ്മനം, കല്ലറ, വെച്ചൂര്‍, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തുകളില്‍ എം.പി ലാഡ്‌സ് പൂള്‍ഡ് ഫണ്ടില്‍പ്പെടുത്തി 10 സ്‌കൂളുകള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 126.04 ലക്ഷം രൂപയും കുമരകത്ത് 16 സ്‌കൂളുകളില്‍ ആര്‍.ഒ.പ്ലാന്റ് സ്ഥാപിക്കുന്നതിന് 42 ലക്ഷം രൂപയും നല്‍കി. പൂര്‍ണ്ണമായി തകര്‍ന്ന ഏഴ് അങ്കണവാടികള്‍ നിര്‍മ്മിക്കുന്നതിനും ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്.
സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട 479 പേര്‍ക്ക് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളും 327 പേര്‍ക്ക് സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകളും പ്രത്യേക അദാലത്തിലൂടെ ലഭ്യമാക്കി.
- Log in to post comments