Skip to main content
1475

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍: ജപ്പാന്‍ സംഘം കളക്ടറുമായി ചര്‍ച്ച നടത്തി

കേരളത്തില്‍ ബിസിനസ് സംരംഭങ്ങളുടെ സാധ്യതകള്‍ ആരായുനനതിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ജപ്പാന്‍ പ്രതിനിധി സംഘം കളക്ടറേറ്റിലെത്തി ജില്ലാ കളക്ടറുമായി ചര്‍ച്ച ചെയ്തു. സാന്‍-ഇന്‍ (San-In) ഇന്ത്യ അസോസിയേഷന്‍ ചെയര്‍മാന്‍ എമിരറ്റസും പ്രതിനിധിസംഘ ത്തിന്റെ തലവനുമായ മക്കാട്ടോ ഫുരുസെ (Makato Furuse) യുടെ നേതൃത്വത്തിലുള്ള 19 അംഗ സംഘമാണ് ഇന്നലെ (നവംബര്‍ 3) കളക്ടറെ സന്ദര്‍ശിച്ചത്. 

സംരംഭങ്ങള്‍ ആരംഭിക്കുന്നത് എളുപ്പമാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ വ്യവസായ നയത്തിന്റെ പശ്ചാത്തലത്തിലാണ് ജപ്പാനുമായി ചേര്‍ന്ന് പുതിയ സംരംഭങ്ങളാരംഭിക്കുന്നത്. ജപ്പാനുമായി ചേര്‍ന്ന് കേരളം ആരംഭിക്കുന്ന സംയുക്തസംരംഭങ്ങളുടെ നോഡല്‍ എജന്‍സിയായ ഇന്‍ജാക്ക് (ഇന്തോ-ജപ്പാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, കേരള) പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഐടി, ഭക്ഷ്യമേഖല, ആരോഗ്യം, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ക്കുള്ള സാധ്യതകള്‍ ആരായുമെന്നും ജില്ലാ ഭരണകൂടം സംരംഭകര്‍ക്കു വേണ്ട സൗകര്യമൊരുക്കുമെന്നും ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. 

പുതിയ ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സാധ്യത ആരായുന്നതിനു പുറമെ കഴിഞ്ഞ കുറച്ചു മാസത്തിനിടയില്‍ ജപ്പാന്‍ സഹായത്തോടെ തുടങ്ങിയ മൂന്നോളം സംരംഭങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തും. 
നവംബര്‍ 30-ന് ഹോളിഡേ ഇന്നില്‍ ജപ്പാന്‍ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന ബിസിനസ്-ടു- ബിസിനസ് മീറ്റും ഡിസംബര്‍ 1 മുതല്‍ 3 വരെ ലുലു മാളില്‍ ബിസിനസ്-ടു-കസ്റ്റമര്‍ മീറ്റും ഇന്‍ജാക്ക് സംഘടിപ്പിക്കും.  

വിദ്യാഭ്യാസരംഗത്തും മെഡിക്കല്‍ ഗവേഷണരംഗത്തും ജപ്പാനുമായി പല സ്ഥാപനങ്ങളും കരാര്‍ ഒപ്പു വച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കുസാറ്റ്, രാജഗിരി, എസ് സിഎംഎസ് കോളേജുകള്‍ ജപ്പാന്‍ യൂണിവേഴ്‌സിറ്റികളുമായി കരാര്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. മെഡിക്കല്‍ ഗവേഷണരംഗത്തെ സഹകരണത്തിനായി രാജഗിരി മെഡിക്കല്‍ കോളേജ് ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ജപ്പാനുമായി ചേര്‍ന്ന് നൂറോളം ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഇന്‍ജാക്ക് സെക്രട്ടറി ജേക്കബ് കോവൂര്‍ പറഞ്ഞു.

സംസ്ഥാനത്തെയും പ്രത്യേകിച്ച് എറണാകുളത്തെയും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പശ്ചാത്തലസൗകര്യത്തെക്കുറിച്ചും മനുഷ്യവിഭവശേഷിയെക്കുറിച്ചും കളക്ടര്‍ ജപ്പാന്‍ പ്രതിനിധികളോട് സംസാരിച്ചു. ടൂറിസം മേഖലയിലെ സാധ്യതകളെക്കുറിച്ചും പശ്ചാത്തലസൗകര്യവികസനത്തെക്കുറിച്ചുമുള്ള വിഡിയോ പ്രതിനിധികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. 

ഇന്‍ജാക്ക് പ്രതിനിധികളും ജപ്പാനിലെ സാന്‍-ഇന്‍ (San-In) പ്രതിനിധികളും സംയുക്ത സംരംഭങ്ങള്‍ക്കായി ധാരണാപത്രം ന്യുദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുടെയും സാന്നിദ്ധ്യത്തില്‍ നേരത്തെ ഒപ്പിട്ടിരുന്നു.

 

 

date