പ്രകൃതിയെ പാഠപുസ്തകമാക്കി കഞ്ഞിക്കുഴി സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍
പ്രകൃതിയെ പാഠപുസ്തകമാക്കുകയാണ് കഞ്ഞിക്കുഴി ഏഴുകമ്പിയിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മികച്ച ജൈവ വൈവിധ്യ ഉദ്യാന നിര്‍മാണത്തിന് സംസ്ഥാനതലത്തിലെ മികച്ച സ്‌കൂളായും ഏഴുകമ്പി സര്‍ക്കാര്‍ എല്‍.പി സ്‌കൂളിനെ തെരഞ്ഞെടുത്തിരുന്നു.
ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി ശലഭ ഉദ്യാനം, പക്ഷി സംരക്ഷണം, ജൈവ കൃഷി, പച്ചക്കറി കൃഷി, അടുക്കള തോട്ടം, ഔഷധസസ്യ തോട്ടം, മത്സ്യ കുളം, കിളി കുളി കുളം, മഴപന്തല്‍, ജൈവ വൈവിധ്യ രജിസ്ട്രര്‍, ഔഷധ സസ്യങ്ങളുടെ ആല്‍ബം, ജൈവ മാലിന്യ പ്ലാന്റ് തുടങ്ങി ചെറുതും വലുതുമായ 22ഓളം പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. സ്‌കൂളിന് ആവശ്യമായ സഹായങ്ങളുമായി പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും രംഗത്തുണ്ട്. 1973-ല്‍ ഒരേക്കര്‍ സ്ഥലത്താണ് സ്‌കൂളിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ നഴ്‌സറി മുതല്‍ നാലുവരെ 85 കുട്ടികള്‍ പഠിക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് പ്രകൃതിയെ പാഠപുസ്തകമാക്കിയുള്ള പഠനരീതി ആവിഷ്‌കരിച്ചത്.
ശലഭപാര്‍ക്കാണ് സ്‌കൂള്‍വളപ്പിലെ പ്രധാന ആകര്‍ഷണം. വിവിധ ഇനങ്ങളില്‍പ്പെട്ട ശലഭങ്ങളെ ആകര്‍ഷിക്കുന്നതിനുവേണ്ടി മന്ദാരം, ആളി, കൊങ്ങിണി, കൃഷ്ണകിരീടം, എരുക്ക് തുടങ്ങിയ നിരവധി ചെടികളാണ് സംരക്ഷിച്ചുപോരുന്നത്. ഓരോ കാലഘട്ടത്തിലും പാര്‍ക്കിലെത്തുന്ന ശലഭങ്ങളെ കണ്ട് കുട്ടികള്‍ക്കു പഠനം നടത്താന്‍ കഴിയും. തുമ്പ, മുക്കുറ്റി, തഴുതാമ, കൂവളം,ചെമ്പകം,മുയല്‍ ചെവിയന്‍,ചെറൂള തുടങ്ങി നിരവധി ഔഷധസസ്യങ്ങളാണ് ഔഷധത്തോട്ടത്തിലുള്ളത്. ഔഷധസസ്യങ്ങളുടെ പേരും ശാസ്ത്രനാമവും, ഉപയോഗം എന്നിവ ജൈവവൈവിധ്യ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇലകളിലൂടെ വ്യക്ഷങ്ങളെയും സസ്യങ്ങളെയും അവയുടെ ഔഷധ ഉപയോഗം തിരിച്ചറിയാനും പ്രകൃതിയോടിണങ്ങിയുള്ള പഠനത്തിലൂടെ കുട്ടികള്‍ക്ക് സാധിക്കുന്നുണ്ട്. അത്തി,അരയാല്‍ എന്നിവയുടെ തണലില്‍ കുട്ടികള്‍ക്ക് ഇരുന്നു വിശ്രമിക്കാനും പഠിക്കാനും മുളകൊണ്ടുള്ള ബഞ്ചുകളും ഒരുക്കിയിട്ടുണ്ട്.
സ്‌കൂളിലെ തോട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളാണ് ഉച്ചഭക്ഷണത്തിനുപയോഗിക്കുന്നത്. ജലസസ്യങ്ങള്‍, ജീവികള്‍, അവയുടെ സഞ്ചാരം, ചലനശേഷി തുടങ്ങിയ വ്യത്യാസങ്ങള്‍ പഠിക്കുന്നതിന് മത്സ്യക്കുളം ഒരുക്കിയിട്ടുണ്ട്. ജൈവം, അജൈവം, ഖരം എന്നിങ്ങനെ തരംതിരിച്ച് മാലിന്യസംസ്‌കരണത്തിനു പ്രത്യേകസംവിധാനമുണ്ട്. ജൈവഗ്യാസ് സംവിധാനവും സ്‌കൂളിലെ പാചകപുരയില്‍ ഒരുക്കിയിട്ടുണ്ട്. കിളികള്‍ക്കുവേണ്ടി കുളവും ഇവിടെയുണ്ട്. കടുത്ത വേനലില്‍ നിരവധി കിളികളാണ് ആ കിളികുളിക്കുളത്തില്‍ കുളിക്കാനും വെള്ളം കുടിക്കാനും എത്തുന്നത്. കുട്ടികളുടെ പേശീബലത്തിനുവേണ്ടി ഏറുമാടം നിര്‍മിച്ചിട്ടുണ്ട്. കോവണിവഴിയാണ് കുട്ടികള്‍ ഏറുമാടത്തില്‍ കയറുന്നത്. നക്ഷത്രവനവും നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍ അധികൃതര്‍. പ്ലാസ്റ്റിക് നിരോധിത മേഖലയാണ് സ്‌കൂള്‍പരിസരം. ഫലവൃക്ഷങ്ങളും കിളികളും ചിത്രശലഭങ്ങളും ഔഷധസസ്യങ്ങളും അടങ്ങിയ ജൈവവൈവിധ്യമേഖലയാണ് സ്‌കൂള്‍പരിസരം. കുട്ടികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ ഈ ജൈവസമ്പത്ത് സംരക്ഷിച്ചുപോരുന്നത് സമീപവാസികളായ നാട്ടുകാരും പി.ടി.എയുമാണ്
ഇവയ്‌ക്കെല്ലാം പുറമെ സ്മാര്‍ട് ക്ലാസ് റൂമുകളും ഇവിടെയുണ്ട്. നഴ്‌സറി ക്ലാസുകളില്‍ സംഖ്യകള്‍ പഠിപ്പിക്കാന്‍ ഗണിത മൂല, കളികള്‍ക്കായി പാവ മൂല, കളിമൂല, വായന മൂല എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ദൈനംദിനമുള്ള അസംബ്ലിയില്‍ വിജ്ഞാന ചോദ്യങ്ങള്‍, കടംങ്കഥ എന്നിവയും കുട്ടികള്‍ പങ്കുവെക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം, ശുചിത്വബോധം, ആരോഗ്യ സംരക്ഷണം എന്നിവ ലളിതമായി കുട്ടികളില്‍ എത്തിക്കാന്‍ കഴിയുന്നുണ്ടെന്നും ജൈവവൈവിധ് ഉദ്യാനം കുട്ടികളുടെ മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഹെഡ്മാസ്റ്റര്‍ പി.കെ ശശിമോന്‍ പറഞ്ഞു.
കളിയും ചിരിയുമായി കുട്ടികള്‍ പ്രകൃതിയോടിണങ്ങിയാണ് ഏഴുകമ്പി എല്‍പി സ്‌കൂളില്‍ കുട്ടികള്‍ പഠനം നടത്തുന്നത്. ജൈവവൈവിധ്യ ഉദ്യാന നിര്‍മ്മാണങ്ങള്‍ക്ക ഹെഡ്മാസ്റ്റര്‍ പി.കെ ശശിമോന്‍ മേല്‍നോട്ടം വഹിക്കുന്നത്. അധ്യാപകരായ രാജേഷ് രവീന്ദ്രന്‍, ജിനേഷ് ജോര്‍ജ്, അനിത പി.ആര്‍, ബിജു,വി എന്നിവരും ഹെഡ്മാസ്റ്റര്‍ക്ക് ഒപ്പമുണ്ട്.
- Log in to post comments