Skip to main content

വനിത പോലീസിന്റെ പാസ്സിങ് ഔട്ട് പരേഡ് ഇന്ന് (ആഗസ്റ്റ് നാല്)

 

രാമവർമ്മപുരം കേരള പോലീസ് അക്കാദമി ഗ്രൗണ്ടിൽ വനിതാ പോലീസ് ബറ്റാലിയൻ രണ്ടാമത്തെ ബാച്ചിന്റെ പാസ്സിങ് ഔട്ട് പരേഡ് ഇന്ന് (ആഗസ്റ്റ് നാലിന്) രാവിലെ എഴിന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, അക്കാദമി ഡയറക്ടർ ഡോ. ബി സന്ധ്യ, എഡിജിപി ടോമിൻ ജെ തച്ചങ്കരി തുടങ്ങിയവർ പങ്കെടുക്കും.
പരിശീലനം പൂർത്തിയാക്കിയ 146 പേരിൽ 29 പേർ ബിരുദാനന്തര ബിരുദവും അഞ്ച് പേർ ബി ടെക് ബിരുദവും ഒരാൾ നിയമ ബിരുദവും മൂന്ന് പേർ കംപ്യൂട്ടർ ബിരുദാനന്തര ബിരുദവും 25 പേർ ബി എഡ് ബിരുദവും മൂന്ന് പേർ എംബിഎ ബിരുദവും 55 പേർ ബിരുദവും നാല് പേർ ഡിപ്ലോമയും രണ്ടു പേർ ടിടിസി യോഗ്യതയും നേടിയവരാണ്. 
അടിസ്ഥാന പരിശീലനം കൂടാതെ കുട്ടിക്കാനം അഞ്ചാം ബറ്റാലിയനിൽ കമാൻഡോ പരിശീലനവും തീരദേശ പരിപാലനത്തിനുളള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. കംപ്യൂട്ടർ, സ്വിമ്മിങ്ങ്, യോഗ, കളരി, കരാട്ടേ, ഡ്രൈവിങ്ങ് എന്നിവയിലും ഇൻഡോർ ട്രെയിനിങ്ങും ലഭിച്ചിട്ടുണ്ട്. സാമൂഹ്യനീതി സ്ഥാപനങ്ങൾ, കറക്ഷണൽ ഹോംസ്, ഫോറൻസിക് ലാബ് എന്നിവിടങ്ങളിൽ സന്ദർശിച്ച് പരിശീലനം നേടിയിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കിയവരിൽ ഓൾ റൗണ്ടറായി കെ നിത്യയും ബസ്റ്റ് ഔട്ട്‌ഡോറായി വി കൃഷ്ണപ്രിയയും ബസ്റ്റ് ഇൻഡോറായി എൻ എസ് നജിലയും സിൻസിയേരിറ്റി ആൻഡ് ഡെഡിക്കേഷൻ വിഭാഗത്തിൽ എം നിവ്യയും ബസ്റ്റ് ഷൂട്ടറായി ആശ കെ സെബാസ്റ്റ്യനെയും തിരഞ്ഞെടുത്തു.
 

date