കെട്ടിട നിർമാണ അദാലത്ത്: കൊടുങ്ങല്ലൂർ നഗരസഭയിൽ 26 പരാതികൾ തീർപ്പാക്കി
കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിലും പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് നമ്പറും ഉടമസ്ഥ സർട്ടിഫിക്കറ്റ് നൽകുന്നതിലുമുണ്ടായ പരാതികളിലും കാലതാമസത്തിലും കൊടുങ്ങല്ലൂർ നഗരസഭയിൽ ചെയർമാൻ കെ.ആർ.ജൈത്രന്റെ അധ്യക്ഷതയിൽ നടത്തിയ അദാലത്തിൽ ഭൂരിപക്ഷത്തിലും പരിഹാരമായി. 39 അപേക്ഷകൾ ലഭിച്ചതിൽ 26 എണ്ണവും തീർപ്പാക്കി. അഞ്ച് അപേക്ഷകൾ നിരസിച്ചു. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ചെയർമാന്റെ സാന്നിദ്ധ്യത്തിൽ ഇത്രയുമധികം ഫയലുകൾക്ക് ഒരേ സമയം പരിഹാരം കാണുന്നത്. തണ്ണീർത്തട -നെൽവയൽ നിയമത്തിന്റെ നൂലാമാലകളാലും തീരദേശ പരിപാലന നിയമത്തിന്റെ സങ്കീർണ്ണത മൂലവും നിർമ്മാണാനുമതി നിഷേധിക്കപ്പെട്ട അപേക്ഷകൾക്ക് പരിഹാരമായി. പി എം എ വൈ-ലൈഫ് പദ്ധതിയിലുൾപ്പെട്ട അഞ്ച് സെന്റിൽ താഴെ സ്ഥലമുള്ളതും വാസയോഗ്യമായ വീടില്ലാത്തതുമായ അപേക്ഷകളും തീർപ്പാക്കിയതിന്റെ ഭാഗമായി നിർമ്മാണാനുമതി നൽകി. മേത്തല വില്ലേജിൽ പടന്നയിൽ ഫൈബർ ബോട്ട് നിർമ്മാണ യൂണിറ്റിനായി നാല് വർഷമായി അനുമതി നൽകാതെ കിടന്ന അപേക്ഷ പരിശോധിച്ച് അനുമതി നൽകിക്കഴിഞ്ഞു. കെട്ടിടത്തിന്റെ പ്ലാനിൽ ഇല്ലാത്ത ഭാഗം നിർമ്മാണ സമയത്ത് കൂട്ടിച്ചേർക്കുന്നത് പലപ്പോഴും നമ്പർ നൽകുന്നതിന് തടസ്സം സൃഷ്ടിക്കാറുണ്ട്. അപേക്ഷകളിലെ ക്രമക്കേടുകൾ പരിഹരിച്ച് നിയമ വിധേയവും സുതാര്യവുമാക്കുവാനും ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥരിൽ അനുകൂല സമീപനമുണ്ടാക്കുകയുമാണ് ഇത്തരം അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പറഞ്ഞു.
നഗരസഭ വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ, തങ്കമണി സുബ്രഹ്മണ്യൻ, മുനിസിപ്പൽ സെക്രട്ടറി ടി.കെ.സുജിത്, എഞ്ചിനീയർ സി.എസ്.പ്രകാശൻ, എം.ബി.ധന്യ, ജയറാണി എന്നിവർ അദാലത്തിൽ പങ്കെടുത്തു.
- Log in to post comments