Skip to main content

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം 

മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ നൂറ്റിമുപ്പത്തിയാറാമത് വികസന സമിതി യോഗം എംഎൽഎ കെ യു അരുണൻ മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ കോൺഫറൻസ് ഹാളിൽ ചേർന്നു. ഇരിങ്ങാലക്കുടയിൽ നിന്നും നിർത്തിവെച്ച കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉടൻ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ ലഹരി ബോധവൽക്കരണ ക്ലാസുകൾ ഊർജിതമായി നടത്തണം. പ്രളയാനന്തര ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് 2091 അപ്പീൽ അപേക്ഷകൾ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം എഞ്ചിനീയറിങ് വിഭാഗം പരിശോധന നടത്തി വരുന്നതായി തഹസിൽദാർ അറിയിച്ചു. ഉപയോഗശൂന്യമായ പോസ്റ്റുകൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാറ്റണമെന്ന് കെഎസ്ഇബി വിഭാഗത്തോട് ആവശ്യപ്പെട്ടു. കരുവന്നൂർ പുഴയുടെ കാറളം പഞ്ചായത്തിലെ റോഡിന്റെ സൈഡ് ഭിത്തി ഇടിയുന്ന സാഹചര്യത്തിൽ സൈഡ് കെട്ടി സംരക്ഷിക്കണം. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഒപി സമയം ഉച്ചക്ക് ശേഷം അനുവദിക്കണം. ചിറ്റിശ്ശേരി സിഎച്ച്‌സി യിലെ ഇൻസുലിൻ ഉൾപ്പടെയുള്ള മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷ്, കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ എന്നിവർ പങ്കെടുത്തു. വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. തഹസിൽദാർ ഐ ജെ മധുസൂദനൻ സ്വാഗതം പറഞ്ഞു.

date