മണര്‍കാട് പള്ളി തിരുന്നാള്‍; യോഗം നടത്തി
മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പ് തിരുന്നാളിനോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടു വരെ നടക്കുന്ന തിരുന്നാളിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഏകോപനത്തിനായി പള്ളിപ്പരിസരത്ത് പോലീസ് കണ്ട്രോള് റൂം തുറക്കാന്‍ തീരുമാനിച്ചു. അഗ്നിശമന സേനയുടെ സേവനവും ലഭ്യമാക്കും. പള്ളിപ്പരിസരത്ത് അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കും. തിരുന്നാള്‍ ദിവസങ്ങളില്‍ പള്ളിയും സമീപപ്രദേശങ്ങളും ഉത്സവമേഖലയായി പ്രഖ്യാപിക്കും.
പ്രധാന തിരുന്നാള്‍ ദിവസങ്ങളായ ഏഴ്, എട്ട് തീയതികളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. മണര്‍കാട് കവല- കിടങ്ങൂര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് നിര്‍ദേശം നല്കി.
ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, എ.ഡി.എം അലക്സ് ജോസഫ്, പള്ളി പ്രതിനിധികള്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments