ദേശീയ വിദ്യാഭ്യാസ നയം : വിദ്യാഭ്യാസ സെമിനാര്‍ നാളെ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'ദേശീയ വിദ്യാഭ്യാസ നയം - 2019 ' എന്ന വിഷയത്തില്‍ നാളെ (ഓഗസ്റ്റ് മൂന്ന്) വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നു. മലപ്പുറം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സെമിനാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ജില്ലാകലക്ടര്‍ ജാഫര്‍ മലിക് ആമുഖ പ്രഭാഷണം നടത്തും. സ്ഥലം മാറിപ്പോകുന്ന ജില്ലാ ഓഫീസര്‍മാരെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ ആദരിക്കും.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം എന്തെന്നും അവ നടപ്പിലാക്കുന്നത് എങ്ങനെയെന്നും സെമിനാര്‍ ചര്‍ച്ച ചെയ്യും. രാജ്യത്തെ വിദ്യാഭ്യാസത്തെപ്പറ്റി പുതിയ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ ഗവേഷണ പ്രവര്‍ത്തനങ്ങളെ പഠനവിധേയമാക്കി സ്വയം നവീകരിച്ച് മുന്നോട്ടു പോകുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തയ്യാറാക്കിയതാണ് ദേശീയ വിദ്യാഭ്യാസ നയരേഖ - 2019.
സെമിനാറില്‍ കേന്ദ്രവിദ്യാഭ്യാസ നയവും പൊതുവിദ്യാഭ്യാസവും എന്ന വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വിദഗ്ധന്‍ ഡോ.രതീഷ് കാളിയാടനും കേന്ദ്രവിദ്യാഭ്യാസ നയവും അധ്യാപക വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ കേരള കലാമണ്ഡലം ഡീംഡ് യൂനിവേഴ്സിറ്റി രജിസ്റ്റാര്‍ ഡോ.ആര്‍.കെ ജയപ്രകാശും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സെമിനാറില്‍ ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
- Log in to post comments