പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം ചെയ്തു
പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്തില്‍ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ ജില്ല കലക്ടര്‍ ജാഫര്‍ മലിക് പ്രകാശനം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ ജൈവ വൈവിധ്യ രജിസ്റ്ററില്‍ ഗ്രാമ പഞ്ചായത്തിലെ കാര്‍ഷിക ജൈവവൈവിധ്യം, വീട്ടുവളപ്പിലും വന്യമായും കാണപ്പെടുന്ന സസ്യജന്തുജാലങ്ങള്‍, തണ്ണീര്‍തടങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ പൊതുവിവരങ്ങള്‍, സാമൂഹ്യ സാംസ്‌ക്കാരിക വിദ്യാഭ്യാസ ചരിത്രങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, മനകള്‍, കാവുകള്‍, നാടന്‍ പാട്ടുകള്‍, പഴഞ്ചൊല്ലുകള്‍, നാട്ടറിവുകള്‍, പഴമൊഴികള്‍ എന്നിവയെല്ലാം പ്രധാന ഫോട്ടോകള്‍ സഹിതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ പാരിസ്ഥിതിക ജൈവവൈവിധ്യ പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ രജിസ്റ്റര്‍ ഭാവി പ്രവര്‍ത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതിന് ഒരു ആധികാരിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കും.
ഇതോടെ ജില്ലയില്‍ 106 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 100 എണ്ണത്തിലും രജിസ്റ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യ രജിസ്റ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ല കൂടിയാണ് മലപ്പുറം. ശേഷിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലും രണ്ടു മാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലിപ്പറമ്പ്, കീഴുപറമ്പ്, തേഞ്ഞിപ്പലം പഞ്ചായത്തുകളും പെരിന്തല്‍മണ്ണ, മഞ്ചേരി, മലപ്പുറം നഗരസഭകളിലുമാണ് രജിസ്റ്റര്‍ പൂര്‍ത്തിയാകാനുള്ളത്.
പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച് സൈനബ, വൈസ് പ്രസിഡന്റ് കെ. പി മുഹമ്മദ്, അംഗങ്ങളായ രാജേഷ് കുമാര്‍, ഷൗക്കത്ത് വളച്ചട്ടിയില്‍, ജൈവ വൈവിധ്യ ബോര്‍ഡ് പ്രൊജക്റ്റ് ഫെലോ കെ മഖ്ദൂം, പഞ്ചായത്ത് സെക്രട്ടറി എം. ജി സന്തോഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി സലീം പക്ഷ, യൂത്ത് കോര്‍ഡിനേറ്റര്‍ എം. സി അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments