പരാതിക്കാരും എതിര്‍കക്ഷികളും ഹാജരാകാത്തത് വനിതാ കമ്മീഷന് അപമാനകരമെന്ന് അധ്യക്ഷ എം.സി ജോസഫൈന്
ലഭിച്ച പരാതികളുമായി ബന്ധപ്പെട്ടുള്ള പരാതിക്കാരും എതിര്‍കക്ഷികളും ഹാജരാകാത്തത് വനിതാ കമ്മീഷനെ അവഹേളിക്കുന്നതിന് തുല്യമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ 27 പരാതികളില്‍ വാദിയും പ്രതിയും ഹാജരാകാത്തതതുമൂലം കേസുകള്‍ തീര്‍പ്പാക്കാന്‍ തടസ്സം നേരിട്ടിരുന്നു. അട്ടപ്പാടി മേഖലയിലെ വിവാഹ ബന്ധങ്ങളിലെ ദൃഢത ഉറപ്പാക്കാന്‍ സെപ്തംബറില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി വനിതാ കമ്മീഷന് അറിയിച്ചു. പ്രദേശത്തെ വിവാഹബന്ധങ്ങളില്‍ ദൃഢത കുറയുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബോധവത്കരണമെന്ന് അധ്യക്ഷ അറിയിച്ചു.
സ്വത്ത് തര്‍ക്കം സംബന്ധിച്ച് പരാതികളാണ് അദാലത്തില്‍ കൂടുതലും ലഭിച്ചത്. സിറ്റിങില്‍ ലഭിച്ച 74 പരാതികളില്‍ 47 എണ്ണം പരിഗണിച്ചു. ഇതില്‍ 15 പരാതികള്‍ പരിഹരിച്ചു. 13 പരാതികളില്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും 19 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി വെക്കുകയും ചെയ്തു. അവിവാഹിതയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ പരാതിക്കാരി ആവശ്യപ്പെട്ടതു പ്രകാരം കേസ് ദുര്‍ബലപ്പെടാതിരിക്കാന്‍ വനിതാ കമ്മീഷന് ഇടപെടുമെന്ന് അറിയിച്ചു.
കിഴക്കഞ്ചേരി ഇളവന്‍പാടം സ്വദേശിനിയായ 75 കാരിയായ ക്യാന്‍സര്‍ രോഗിയുടെ വീട് സ്വകാര്യ ചിട്ടി കമ്പനി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ ആര്.ഡി.ഒ യ്ക്ക് പരാതി നല്കാന് കമ്മീഷന് നിര്‍ദേശിച്ചു. പരാതിക്ക് അടിസ്ഥാനമായ സാഹചര്യം സംബന്ധിച്ച് കേസ് നടക്കുന്നതിനാല്‍ വിധി വരുന്നതിനനുസരിച്ച് മാത്രം വീട്ടില്‍ നിന്ന് ഇറങ്ങുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതുള്ളു എന്നും കമ്മീഷന് നിര്‍ദേശിച്ചു. കൂടാതെ ഒരു കുടുംബശ്രീ പ്രവര്‍ത്തകയില്‍ നിന്നും ഒരു ഡോക്ടറും നേഴ്സും 40000 രൂപ വീതം കടം വാങ്ങുകയും മൂന്ന് വര്‍ഷമായിട്ടും തിരിച്ചു നല്‍കാത്തതും സംബന്ധിച്ചുള്ള പരാതിയില്‍ നഴ്സ് രണ്ട് തവണയായി പണം തിരിച്ചടക്കാമെന്ന് ഉറപ്പുനല്‍കിയതായും കമ്മീഷന് പറഞ്ഞു. വനിതാ കമ്മീഷന് അംഗങ്ങളായ അഡ്വ.ഷിജി ശിവജി, അഡ്വ. താര എന്നിവരും അദാലത്തില്‍ പങ്കെടുത്തു.
- Log in to post comments