Skip to main content

തോട്ടപ്പള്ളി സ്പിൽവേയുടെ  ഷട്ടറുകൾ തുറന്നു

ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം തോട്ടപ്പള്ളി സ്പിൽ വേയുടെ 10 ഷട്ടറുകൾ തുറന്നു. വൈകിട്ട് നാലുമണിയോടെയാണ് ഷട്ടറുകൾ തുറന്നത്. മഴയുടെ പശ്ചാത്തലത്തിൽ എല്ലാ താലൂക്കുകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ 24 മണിക്കൂറും താലൂക്ക് ഓഫീസിൽ ജീവനക്കാരെ നിയോഗിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.വയലാൽ റെയിൽവേ സ്റ്റേഷനടുത്ത് കഴിഞ്ഞ ദിവസം മരം വീണത് ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശ പ്രകാരം മുറിച്ചുനീക്കി.
കാർത്തികപ്പള്ളി താലൂക്കിൽ മരം വീണ് നാല് വീട് ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ചേർത്തല താലൂക്കിൽ ഒരു വീട് പൂർണമായും രണ്ട് വീട് ഭാഗികമായും തകർന്നു. അമ്പലപ്പുഴയിൽ 48 വീട് ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു.കുട്ടനാട് 12 വീട് ഭാഗികമായി തകർന്നിട്ടുണ്ട്.ചെങ്ങന്നൂർ താലൂക്കിൽ രണ്ട് വീടുകൾക്ക് ഭാഗിക നഷ്ടമുണ്ട്. ഏത് സാഹചര്യങ്ങളെയും നേരിടാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

'വ്യത്യസ്തയുടെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമാണ്

 ജനാധിപത്യം'-സുനിൽ പി.ഇളയിടം

ആലപ്പുഴ: വ്യത്യസ്തരാകാനും അതിന്റെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യമെന്ന് ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. നെഹ്റു ട്രോഫിക്ക് മുന്നോടിയായുള്ള സ്മരണിക കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ സെമിനാർ 'കല, സാഹിത്യം, ആവിഷ്‌കാരം' ആലപ്പുഴയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

 ഭൂരിപക്ഷഹിതമായല്ല അംബേദ്കർ ജനാധിപത്യത്തെ നിർവചിച്ചത്. അപരനോടുള്ള കരുതലാണ് ഉന്നതമായ ജനാധിപത്യ ബോധം. ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കലല്ല അത്. 150-ാം ജന്മവാർഷിക ആഘോഷിക്കുന്ന കാലത്ത ഗാന്ധിജിയുടെ കോലമുണ്ടാക്കി നിറയൊഴിക്കുന്നു. നീതിയെക്കുറിച്ച് ഉത്കണ്ഠപ്പെടാനാണ് കല സമൂഹത്തോട് ആഹ്വാനംചെയ്യുന്നത്. അറിവ് നീതിയെക്കുറിച്ചുള്ള കരുതലായി മാറണം. എല്ലാവരും ഒത്തുചേരുന്ന വിദ്യാലയങ്ങൾ നശിച്ചു. ഒരോരുത്തർക്കും ഒരോതരം വിദ്യാലയമായി. തങ്ങളെപ്പോലുള്ളവർ മാത്രം ജീവിക്കുന്ന ലോകമാണെന്ന് കുട്ടികൾ തെറ്റിദ്ധരിക്കുന്നു. തങ്ങളെപ്പൊലെ അല്ലാത്തവരെ ഇല്ലാതാക്കണമെന്ന ആശയം അവരെ സ്വാധീനിക്കുന്നുവെന്നും സുനിൽ പി ഇടയിടം പറഞ്ഞു. സെൻറ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ജില്ല കളക്ടർ ഡോ അദീല അബ്ദുല്ല അധ്യക്ഷത വഹിച്ചു. പ്രശസ്ത തിരക്കഥകൃത്ത് ഫ്രാൻസിസ് നൊറോണ മുഘ്യപ്രഭാഷണം നടത്തി. സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പാൾ ഷീന ജോർജ്, സ്മരണിക ചീഫ് എഡിറ്റർ എം ആർ പ്രേം,  ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ടി മാത്യു, എ എൻ പുരം ശിവകുമാർ സ്മരണിക കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.

date