ലോക കേരള സഭയില്‍ 351 അംഗങ്ങള്‍
നിയമ സഭയില്‍ 12,13 തിയതികളില്‍ ചേരുന്ന പ്രഥമ ലോക കേരള സഭയില്‍ ആകെ 351 അംഗങ്ങളുണ്ടാകും. കേരളത്തിനകത്തും പുറത്തും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ പ്രഥമ പൊതുവേദി എന്ന നിലയില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരും.
സംസ്ഥാന നിയമസഭയിലെ 141 അംഗങ്ങളും 20 ലോക്സഭാംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ടവരും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 174 പേര് സഭയില്‍ അംഗങ്ങളായിരിക്കും. ഇതിനുപുറമെ ഇന്ത്യന്‍ പൗരന്മാരായ കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളെ സഭയിലേക്ക് കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ഇതില്‍ 42 പേര് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 100 പേര് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും അഞ്ചുപേര്‍ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരും ആയിരിക്കും. വിവിധ മേഖലകളിലുള്ള 30 പ്രമുഖ വ്യക്തികളെയും സഭയിലേക്ക് നാമനിര്‍ദേശം ചെയ്യും. സഭാ നേതാവ് സംസ്ഥാന മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവും ആണ്. ചീഫ് സെക്രട്ടറി ആണ് സഭാ സെക്രട്ടറി. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ഏഴ് അംഗങ്ങളുള്ള പ്രസീഡിയം ആയിരിക്കും.
പി.എന്‍.എക്സ്.76/18
- Log in to post comments