'മൊഴിയാളം' 21 പ്രമുഖരുടെ വ്യക്തിവിശേഷ കുറിപ്പുകള്‍ അടങ്ങിയ പുസ്തക പ്രകാശനം മന്ത്രി എ. കെ. ബാലന് നിര്‍വഹിച്ചു
പത്രപ്രവര്‍ത്തകനായ ഷജില്‍ കുമാര്‍ എഴുതിയ ജില്ലയിലെ 21 പ്രമുഖരുടെ വ്യക്തിവിശേഷ കുറിപ്പുകള്‍ അടങ്ങിയ 'മൊഴിയാളം' പുസ്തകം ജില്ലാ പബ്ലിക് ലൈബ്രറിയില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ- നിയമ- സംസ്കാരിക - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന് പ്രകാശനം ചെയ്തു. മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന് പുസ്തകം ഏറ്റുവാങ്ങി.
പൊതുപ്രവര്‍ത്തന രംഗത്തും കലാ - സാഹിത്യരംഗത്തും നിരവധി സംഭാവനകള്‍ ചെയ്തവരെ അടുത്തറിയുന്നതിനും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും പുസ്തകത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുപ്രവര്‍ത്തകനെന്ന രീതിയില്‍ ജില്ലയില്‍ നടത്തിയ ഒാരോ ഇടപെടലുകള്‍ പുസ്തകത്തില്‍ താനും ഭാഗമാവാന്‍ ഇടയാക്കിയതായി മന്ത്രി പറഞ്ഞു. അഞ്ചു മക്കളെ പോറ്റാന്‍ സാഹചര്യങ്ങളോട് പോരാടിയ അച്ഛന്റെയും അമ്മയുടെയും ജീവിതവും കുടിയിറക്കപ്പെടേണ്ടി വന്ന പഴയകാലത്തെ ജീവിതത്തെയും വൈകാരികമായി വീണ്ടെടുത്താണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
ഇന്ത്യന്‍ രാഷ്ട്രീയ - സാഹിത്യ - സാമൂഹിക രംഗങ്ങളില്‍ ആഴത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച പാലക്കാട് ജീവിച്ച 21 പ്രമുഖ വ്യക്തികളെയാണ് പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. അവരുടെ കര്‍മ്മശേഷിയും സര്‍ഗ്ഗാത്മകതയും എങ്ങനെ രൂപപ്പെട്ടു എന്നുള്ള അന്വേഷണമാണ് പുസ്തകം. മഹാകവി അക്കിത്തം മുതല്‍ കെ. ശങ്കരനാരായണന്, ടി.എന്‍. ശേഷന്, മന്ത്രി എ.കെ. ബാലന്, ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന് നായര്‍, മെട്രോമാന് ഇ. ശ്രീധരന്, ആഷാ മേനോന് ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ കടന്നുവന്ന വഴികളെ അടയാളപ്പെടുത്തുന്ന പുസ്തകം കേരള സാഹിത്യ അക്കാദമിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് .
കേരള സാഹിത്യ അക്കാദമി ചെയര്മാന് വൈശാഖന് പരിപാടിയില്‍ അധ്യക്ഷനായി. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്. അജയന്, എം.കെ. വെങ്കടകൃഷ്ണന്‍, കല്ലൂര്‍ രാമന്‍കുട്ടി, സുരേഷ് ഹരിഹരന്, എസ്. അമല്‍രാജ്, എ.കെ. ചന്ദ്രന്‍കുട്ടി, എം. സുരേന്ദ്രന്, ഡോ. കെ.പി. മോഹനന്, ജ്യോതിഭായ് പരിയാടത്ത്, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പാലക്കാടിന്റെ സ്വന്തം കോഴിക്കോട്ടുകാരന്;
മന്ത്രി എ.കെ. ബാലന്റെ ജീവിതം വരച്ചുകാട്ടി 'മൊഴിയാളം'
ജീവിതത്തില്‍ ഡോക്ടറാവാന്‍ മോഹിച്ച് പൊതുപ്രവര്‍ത്തനം ജീവിതമാക്കിയ കോഴിക്കോട്ടുകാരനായ മന്ത്രി എ.കെ ബാലന്റെ ബാല്യകാലം മുതല്‍ പാലക്കാട്ടേക്ക് പറിച്ചു നട്ടതിന് ശേഷമുള്ള കാലവും പ്രവര്‍ത്തനവുമെല്ലാം പുസ്തകത്തില്‍ പറയുന്നു. ഒരിക്കലും യാഥാര്‍ഥ്യമാകുമെന്ന് കരുതാത്ത സ്വപ്നങ്ങളാണ് ജീവിതത്തില്‍ നേടിയെടുത്തതെന്ന് പരാമര്‍ശിക്കുന്നു. സ്കൂള്‍ ലീഡറില്‍ തുടങ്ങി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ എസ്.എഫ്.ഐ. യുടെ സംസ്ഥാന സെക്രട്ടറിയായതും കല്‍പ്പണി മുതല്‍ ഹോട്ടല്‍ ജോലി വരെ ചെയ്ത് മുന്നോട്ടുപോയ ജീവിതവും, വിദ്യാഭ്യാസ കാലം, വളര്‍ന്നുവന്ന വഴികളില്‍ കൈപിടിച്ചുയര്‍ത്തിയ അധ്യാപകന് മൊയ്തുമാഷ്, സ്വാധീനിച്ച പ്രമുഖരില്‍ ഉള്‍പ്പെട്ട എം.വി.ആര് എന്നിവരെയും രാഷ്ട്രീയ ഗുരുക്കളെയും കുറിച്ചും പുസ്തകത്തില്‍ പ്രതിപ്പാദിക്കുന്നു.
- Log in to post comments