ഗാന്ധിജയന്തി വാരാഘോഷം സമാപിച്ചു ---- ഗാന്ധിമാര്‍ഗ്ഗം മനുഷ്യത്വത്തിലേക്കുള്ള വഴി-തോമസ് ചാഴികാടന്‍ എം.പി
സഹജീവികളോടും സമൂഹത്തോടുമുള്ള ഉദാത്ത സമീപനത്തിന്റെ മാതൃകയാണ് മഹാത്മഗാന്ധി കാണിച്ചുതന്നതെന്ന് തോമസ് ചാഴികാടന്‍ എം.പി. പറഞ്ഞു. മഹാത്മ ഗാന്ധിയുടെ 150-ാം ജ• വാര്‍ഷികത്തിന്റെയും ഗാന്ധിജയന്തി വാരാഘോഷങ്ങളുടെയും സമാപന സമ്മേളനം കുടമാളൂരില്‍ മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തിനും മറ്റു നേട്ടങ്ങള്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത സ്ഥിതിയിലേക്ക് വ്യക്തികള്‍ അധഃപതിക്കുന്ന അപകടകരമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിന് മാറ്റം വരുത്തുന്നതിന് രാഷ്ട്രപിതാവിന്റെ ജീവിതവും ദര്‍ശനങ്ങളും അടുത്തറിയാന്‍ പുതുതലമുറയ്ക്ക് അവസരമൊരുക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ കഴിയുമ്പോഴാണ് ഗാന്ധിജയന്തി ആചരണം അര്‍ത്ഥവത്താകുന്നത്-തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും ഗാന്ധിയന്‍ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ വിതരണം ചെയ്തു.
അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചന്‍ അധ്യക്ഷത വഹിച്ചു. സര്‍വ്വോദയ മണ്ഡലം പ്രസിഡന്റ് ഡോ. ജോസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ബി. മഹേഷ് ചന്ദ്രന്‍, അയ്മനം ഗ്രാമപഞ്ചായത്തംഗം എം.എസ്. ജയകുമാര്‍, ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുല്‍ റഷീദ്, ഗാന്ധി പീസ് മിഷന്‍ പ്രസിഡന്റ് എം.എന്‍ ഗോപാലകൃഷ്ണ പണിക്കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ഗാന്ധി സ്മാരക സേവാ കേന്ദ്രം സെക്രട്ടറി അരവിന്ദാക്ഷന്‍ നായര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ. അന്‍വര്‍, കുടമാളൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ലത എം.ജോണ്‍, ഹെഡ്മിസ്ട്രസ് ജാന്‍സി ജോര്‍ജ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഇന്ദുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments