ബീച്ച് ഗെയിംസ്: നാല് വേദികളില്‍
കായിക, വിനോദ സഞ്ചാര മേഖലക്ക് പൂത്തനുണര്‍വ്വ് നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് ജില്ലയിലെ ചൂട്ടാട്, ചാല്, പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിലായി നടത്താന്‍ സംഘാടക സമിതി എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. നവംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 19 വരെയായിരിക്കും ജില്ലയില്‍ മത്സരങ്ങള്‍ നടക്കുക. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സ്പോട്സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന് എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംസ്ഥാന തലത്തില്‍ ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നത്. ഫുട്ബോള്‍, വോളീബോള്‍, കബടി, വടംവലി എന്നീ ഇനങ്ങളില്‍ വനിത, പുരുഷ വിഭാഗങ്ങളില്‍ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മത്സരങ്ങള്‍ ഉണ്ടാകും. തീരദേശവാസിള്ക്കായി പ്രത്യേകമായി ഫുട്ബോള്‍, വടംവലി (പുരുഷന്മാര്ക്ക് മാത്രം) മത്സരങ്ങളും സംഘടിപ്പിക്കനാണ് തീരുമാനം.
ഓരോ പ്രദേശത്തും ഗെയിംസ് സംഘാടനത്തിനായി പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിക്കും. ഓരോ പ്രദേശത്തും സംഘടിപ്പിക്കേണ്ട കലാ പരിപാടികള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ പരിപാടികളും ഈ പ്രാദേശിക സംഘാടക സമിതികളില്‍ തീരുമാനിക്കും.
വൈകിട്ട് ഫ്ളഡ്ലിറ്റ് വേദിയിലായിരിക്കും എല്ലാ മത്സരങ്ങളും നടക്കുക. മത്സരങ്ങള്‍ക്ക് മുന്നോടിയായി കളരി, കരാട്ടെ, അമ്പെയ്ത്ത്, ഗുസ്തി, ബോക്സിങ്ങ് എന്നിവ പ്രദര്‍ശന മത്സരമായി നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ് അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ജില്ലാ സ്പോട്സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്, സെക്രട്ടറി കെ ശിവദാസന്‍, മുന്‍ എംഎല്‍എ കെ പി മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments