Skip to main content

ആരോഗ്യ,ടൂറിസം മേഖലകളിൽ അയർലൻഡുമായി സഹകരണം: അയർലൻഡ് ഇന്ത്യൻ സ്ഥാനപതി  മന്ത്രിമാരെ സന്ദർശിച്ചു

അയർലൻഡ് ഇന്ത്യൻ സ്ഥാനപതി സന്ദീപ്കുമാർ ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറിനേയും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനേയും സന്ദർശിച്ചു. മന്ത്രിമാരുടെ ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ ആരോഗ്യ, ടൂറിസം മേഖലയിൽ അയർലൻഡുമായുള്ള സഹകരണം സംബന്ധിച്ച് ചർച്ച നടത്തി. ആരോഗ്യരംഗത്ത് കേരളത്തിലെ ആരോഗ്യസർവകലാശാലയുമായും മെഡിക്കൽ കോളേജുകളുമായുള്ള സഹകരണമാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ആരോഗ്യ വകുപ്പുമായി ബന്ധപ്പട്ട കാര്യങ്ങൾ അംബാസഡറുമായി ചർച്ച നടത്തിയത്.
അയർലൻഡിൽ കേരളത്തിൽ നിന്നുള്ള നഴ്സുമാർക്കും ഡോക്ടർമാർക്കും കൂടുതൽ അവസരം ലഭിക്കാൻ ഈ സഹകരണം ലക്ഷ്യമിടുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. ആയുഷ്മേഖലയിലെ സഹകരണത്തിനും ആയൂർവേദ ചികിത്സ വ്യാപിപ്പിക്കുന്നതിനും അയർലൻഡിൽ യോഗ ചെയർ തുടങ്ങുന്നത് സംബന്ധിച്ചും ചർച്ച നടത്തി.  ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടെ ഏതാണ്ട് 45,000ത്തോളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. അതിൽ 20,000ത്തോളം പേർ കേരളത്തിലുള്ളവരാണ്. കേരളത്തിൽ നിന്നുള്ള നഴ്സുമാരെ സംബന്ധിച്ച് അയർലൻഡിലെ ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും മികച്ച അഭിപ്രായമാണുള്ളതെന്ന് സന്ദീപ്കുമാർ പറഞ്ഞു.
ഗവേഷണം, ആയുഷ്, യോഗ, ഹെൽത്ത് ടൂറിസം, ആയുർവേദ ടൂറിസം എന്നീ രംഗങ്ങളിൽ സഹകരിക്കാൻ അയർലൻഡിന് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളവും അയർലൻഡുമായുള്ള ടൂറിസം രംഗത്തെ സഹകരണം സംബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും ചർച്ച നടത്തി. കേരള രുചി അയർലൻഡുകാർക്ക് പരിചയപ്പെടുത്താനായി പാചകമേഖലയിലുള്ളവർക്ക് അവസരം നൽകുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കേരളവുമായുള്ള സഹകരണം മെച്ചപ്പെടുത്താൻ ഇരുമന്ത്രിമാരേയും അയർലൻഡ് സന്ദർശിക്കാനും സന്ദീപ്കുമാർ ക്ഷണിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ടൂറിസം ഡയറക്ടർ പി.ബാലകിരൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്.3681/19

date