Skip to main content

കുന്നത്ത് ടെക്സ്റ്റയിൽസ്: പ്രശ്‌നപരിഹാരത്തിന് 22 ന് വീണ്ടും ചർച്ച

അയ്യന്തോൾ സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കുന്നത്ത് ടെക്സ്റ്റയിൽസിലെ ജീവനക്കാർക്ക് വേതനം നൽകുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റും ജീവനക്കാരും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാ കളക്ടർ എസ് ഷാനവാസ് ജില്ലാ ലേബർ ഓഫീസർക്ക് നിർദേശം നൽകി. കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാ ലേബർ ഓഫീസർ ഷീല, മാനേജ്‌മെന്റ് പ്രതിനിധികൾ, ജീവനക്കാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് കളക്ടർ വീണ്ടും ചർച്ച ചെയ്യാൻ നിർദേശം നൽകിയത്. ഇതേ തുടർന്ന് ലേബർ ഓഫീസിൽ ഒക്ടോബർ 22 ന് വീണ്ടും മാനേജ്‌മെന്റും ജീവനക്കാരും തമ്മിൽ ചർച്ച നടത്തും. ഉച്ചയ്ക്ക് രണ്ടിനാണ് ചർച്ച.
കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ കുന്നത്ത് ടെക്സ്റ്റയിൽസ് അടച്ചു പൂട്ടുകയായിരുന്നു. ടെക്സ്റ്റയിൽസ് സാമ്പത്തിക നഷ്ടത്തിലാണെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ടെക്‌സ്റ്റിൽസിൽ 26 തൊഴിലാളികളാണുള്ളത്. ടെക്സ്റ്റയിൽസ് അടച്ചുപൂട്ടിയതോടെ ജോലി നഷ്ടപ്പെട്ടു. തുടർന്ന് തൊഴിലാളികൾ മാനേജ്‌മെന്റുമായി ചർച്ചകൾ നടത്തിയെങ്കിലും പ്രശ്‌നപരിഹാരമായില്ല. ഓരോരുത്തർക്കും സ്റ്റാറ്റിയൂട്ടറി വേതനം കൂടാതെ ഒരു ലക്ഷം രൂപ കൂടി അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. എന്നാൽ സ്റ്റാറ്റിയൂട്ടറി വേതനം കൂടാതെ 15,000 രൂപ ഓരോരുത്തർക്കും അനുവദിക്കാമെന്നാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഇത് ജീവനക്കാർക്ക് സ്വീകാര്യമല്ലാത്ത സാഹചര്യത്തിലാണ് വീണ്ടും ചർച്ച നടത്തുന്നത്.

date