Skip to main content

 ദുരന്ത സാധ്യത ലഘൂകരണ  പരിശീലനം നല്‍കി

അന്താരാഷ്ട്ര ദുരന്ത സാധ്യതാ ലഘൂകരണ ദിനത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ദുരന്ത സാധ്യത ലഘൂകരണ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിശീലന പരിപാടി ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സും (എന്‍ഡിആര്‍എഫ്) എയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ടീമംഗങ്ങളുമാണ് ക്ലാസെടുത്തത്. എന്‍എസ്എസ് വളണ്ടിയര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുള്‍പ്പെട്ട നൂറോളം പേര്‍ക്കാണ് പരിശീലനം നല്‍കിയത്.

പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ കെല്‍പ്പുള്ള ജില്ലയായി കോഴിക്കോടിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനം ലഭിച്ചവര്‍ തങ്ങളുടെ സ്ഥാപനങ്ങളിലുള്ളവര്‍ക്കും സന്നദ്ധ സംഘടനകളിലുള്ളവര്‍ക്കും തുടര്‍ പരിശീലനം നല്‍കും. ഇത് ദുരന്തങ്ങളുടെ ആഴവും സ്വഭാവവും മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ഇതുവഴി രക്ഷാപ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാനും കഴിയും. 

എന്‍ഡിആര്‍എഫ് അടക്കമുള്ള രാജ്യത്തെ ദുരന്ത നിവാരണ സംവിധാനങ്ങളുടെ ഘടനകളെ കുറിച്ചും പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍ തുടങ്ങിയവ നേരിടുന്ന സാഹചര്യങ്ങളിലും രക്ഷാപ്രവര്‍ത്തന രംഗത്തും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവയെ കുറിച്ചുമാണ് എന്‍ഡിആര്‍എഫ് ടീം ക്ലാസെടുത്തത്. വെള്ളപ്പൊക്കം പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ പെട്ടന്ന് നിര്‍മ്മിച്ച് ഉപയോഗിക്കുവാന്‍ കഴിയുന്ന ഉപകരണങ്ങളെ കുറിച്ചും ക്ലാസ് നല്‍കി. ദുരന്ത മേഖലകളിലെ അടിസ്ഥാന ജീവന്‍ രക്ഷാ മാര്‍ഗങ്ങളെ കുറിച്ചാണ് എയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ടീം ക്ലാസെടുത്തത്. 

എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ ശ്രീഷാ റാം ഓല, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍ സിജീഷ്, ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി എന്നിവര്‍ സംസാരിച്ചു. എന്‍ഡിആര്‍എഫ് ടീമില്‍ എസ് യൂസഫ്, സി കെ പ്രവീണ്‍, പി ഗിരീഷ്, സൂരജ് എസ് നായര്‍ എന്നിവരും എയ്ഞ്ചല്‍സിന് വേണ്ടി പരിശീലകനായ ടി എം ഹംസയും ക്ലാസെടുത്തു.

ഭിന്ന ശേഷിക്കാര്‍ക്ക് കലാ കായിക മത്സരം

കോഴിക്കോട് കോര്‍പ്പറേഷനിലെ ഭിന്ന ശേഷിക്കാര്‍ക്ക് നവംബര്‍ 16, 23 തീയതികളിലായി കലാ കായിക മത്സരം നടത്തും. കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരായ 18 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. അപേക്ഷാ ഫോം തൊട്ടടുത്ത അങ്കണവാടികളില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 30. കായികമത്സരം നവംബര്‍ 16 ന് ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗ്രൗണ്ടിലും കലാമത്സരം നവംബര്‍ 23 ന് ബി ഇ.എം സകൂളിലും നടത്തും. ഫോണ്‍: 0495 2702523. 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട് വളയം ഗവ.ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത- സിവില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രസ്തുത ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 19ന് രാവിലെ 11 മണിക്ക് ഐ.ടി.ഐഓഫീസില്‍ എത്തണം. ഫോണ്‍ 0496 2461263.

ശിശുദിനാഘോഷം; 
വിദ്യാര്‍ഥികള്‍ക്ക് കലാ സാഹിത്യ മത്സരങ്ങള്‍

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുളള സ്‌കൂളുകളിലെ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍ക്കായി കലാസാഹിത്യ മത്സരങ്ങള്‍ നടത്തുന്നു. മാനാഞ്ചിറ പബ്ലിക് ലൈബ്രറി ഹാളില്‍ ഒക്ടോബര്‍ 26 ന് രാവിലെ 9.30 മുതല്‍ ചിത്രരചന, പ്രശ്നോത്തരി, പ്രസംഗ മത്സരങ്ങളും നവംബര്‍ രണ്ടിന് രാവിലെ 9.30 മുതല്‍ ഇംഗ്ലീഷ്,  മലയാളം പദ്യംചൊല്ലല്‍, ഉപന്യാസം, കഥ, കവിതാ രചന മത്സരങ്ങളുമാണ് നടത്തുക.  ഒരു കുട്ടിക്ക് മൂന്ന് ഇനത്തില്‍ പങ്കെടുക്കാം. പേരു വിവരങ്ങള്‍ ഒക്ടോബര്‍ 22 ന് മൂന്ന് മണിക്കകം സെക്രട്ടറി, ജില്ലാ ശിശുക്ഷേമ സമിതി,  അംഗന്‍വാടി പ്രവര്‍ത്തക പരിശീലന കേന്ദ്രം, ചേവായൂര്‍ പി.ഒ,  (നെല്ലിക്കോട് വില്ലേജ് ഓഫീസിന് സമീപം) കോഴിക്കോട് 673017 എന്ന വിലാസത്തിലോ awtcchevayur@gmail.com എന്ന ഇ.മെയിലിലോ ലഭിക്കണം. 

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡുക്കേഷന്‍ കോഴ്സ്;
അപേക്ഷ ക്ഷണിച്ചു 

കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡുക്കേഷന്‍ കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. പ്ലസ്ടു 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734 226028, 9446321496.

ക്വട്ടേഷന്‍ ക്ഷണിച്ചു

വേങ്ങേരി കാര്‍ഷിക മൊത്തവിപണിയിലെ ഒഴിവു വന്നിട്ടുളള സ്റ്റാളുകളില്‍ 11  മാസത്തേക്ക് കാര്‍ഷിക ഉല്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 22 രാവിലെ 11 മണി.  വിശദവിവരങ്ങള്‍ക്ക് വേങ്ങേരിയിലുളള മാര്‍ക്കറ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 0495 2376514.

 റീ ടെണ്ടര്‍ ക്ഷണിച്ചു

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനുകീഴിലെ ആര്‍കെവിവൈ യില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന കപ്പളളി നെടുങ്കണ്ടി പാടശേഖരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്‌ടോബര്‍ 15 ന് രണ്ടാം തവണ റീ ടെണ്ടര്‍ ചെയ്തു. ബിഡ് ക്ലോസിംഗ് തീയതി ഒക്‌ടോബര്‍ 25 ന് അഞ്ച് മണി വരെ. ഫോണ്‍ - 0495 2370790.

date