പോഷണമൂല്യമുള്ള പാരമ്പര്യ ഭക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കണം -ഗവർണർ
* പോഷണമാസാചരണ സമാപനവും ലോക ഭക്ഷ്യദിനാചരണവും ഉദ്ഘാടനം ചെയ്തു
പോഷണമൂല്യമുള്ള പാരമ്പര്യ ഭക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിച്ച് ഭക്ഷ്യ സംസ്‌കരണമേഖലയിലെ ബഹുരാഷ്ട്ര കമ്പനികൾ വളർത്തുന്ന ഭക്ഷ്യസാമ്രാജ്യത്വത്തെ ചെറുക്കാൻ നമുക്കാവണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. പോഷണ മാസാചരണത്തിന്റെ സമാപനവും ലോക ഭക്ഷ്യദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്നവിചാരമാണ് മുന്നവിചാരം. ഈ മുന്നവിചാരം സന്തുലിതവും ആരോഗ്യകരവും വിഷമില്ലാത്തതുമായ പോഷണം ലഭ്യമാക്കാനാകണം. ആരോഗ്യപൂർണവും വൈവിധ്യമുള്ളതുമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കണം. ആരോഗ്യകരവും പോഷണമൂല്യമുള്ളതുമായ ഭക്ഷണമേതെന്ന നമ്മുടെ സങ്കൽപ്പത്തെ മാറ്റിമറിക്കാൻ ശ്രമമുണ്ട്. നമ്മുടെ പാരമ്പര്യവിളകളെ പ്രോത്സാഹിപ്പിക്കാനാകണം. ഭക്ഷ്യസ്വയംപര്യാപ്തതയെപ്പറ്റി ചിന്തിക്കുന്നതിനൊപ്പം ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം. നമ്മുടെ ഭക്ഷ്യവസ്തുക്കളിൽ വിഷാംശമുള്ള കീടനാശിനികളുടെയും രാസവസ്തുക്കളുടെയും സാന്നിധ്യം നാം തിരിച്ചറിയണം. ഇതിനായി നമ്മുടെ ഭക്ഷ്യ സുരക്ഷാ നിലവാരവും നിരീക്ഷണസംവിധാനവും ശക്തമായിരിക്കണം.
പ്രമേഹം, അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇടപെടൽ വേണം. സമ്പുഷ്ടകേരളം പദ്ധതിക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തെപ്പറ്റി അവബോധമുണ്ടാക്കാനും അത്തരം ഭക്ഷ്യസംസ്‌കാരം വളർത്തിയെടുക്കാനുമാകും. വിവിധ മേഖലകളിൽ കേരളം ഒന്നാമതാണ്. ലോകത്തിന്റെ തന്നെ ഭാവി കുട്ടികളിലാണ്. ശിശുപോഷകാഹാരത്തിന്റെ വിഷയത്തിലും കേരളത്തിന് ഇന്ത്യയുടേയും ലോകത്തിന്റെയും മുൻനിരയിലെത്താനാകും. മികച്ച രീതിയിൽ സമ്പുഷ്ടകേരളം പദ്ധതി കേരളം നടപ്പാക്കുന്നതിൽ വിവിധ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും അങ്കണവാടി ജീവനക്കാരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സമീകൃത പോഷണമുൾപ്പെടുന്ന ഭക്ഷണങ്ങൾ സൂചിപ്പിക്കുന്ന 'സമ്പൂർണ തളിക'യുടെയും സമ്പുഷ്ടകേരളം ന്യൂസ് ലെറ്ററിന്റെയും പ്രകാശനവും ഗവർണർ നിർവഹിച്ചു.
ചടങ്ങിൽ ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. ജീവിതസാഹചര്യത്തിന്റെ മാറ്റത്തിനനുസരിച്ച് ആഹാരരീതിയിലും മാറ്റം വരുത്തണമെന്ന് മന്ത്രി പറഞ്ഞു. വർധിച്ചുവരുന്ന അമിതവണ്ണം, പ്രമേഹം പോലുള്ള രോഗങ്ങൾ തടയാൻ സന്തുലിതവും പോഷകസമൃദ്ധവുമായ ഭക്ഷണരീതിയിലേക്ക് മാറണം. സമ്പുഷ്ട കേരളത്തിന്റെ ഭാഗമായി കേരളം നടപ്പാക്കാൻ തയാറാക്കിയ മാസ്റ്റർപ്ലാനിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വനിതാ-ശിശുവികസന വകുപ്പ് ജോയിൻറ് ഡയറക്ടർ സി. സുന്ദരി സംബന്ധിച്ചു. വനിതാ-ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ സ്വാഗതവും വകുപ്പ് ഡയറക്ടർ ടി.വി അനുപമ നന്ദിയും പറഞ്ഞു.
പി.എൻ.എക്‌സ്.3686/19
- Log in to post comments