Skip to main content

വനഭൂമി പട്ടയം: സർവേ വിഭാഗത്തിന് ജിപിഎസ് ലഭ്യമാക്കി

ജില്ലയിലെ വനഭൂമി പട്ടയം അപേക്ഷകൾ കേന്ദ്രാനുമതിക്ക് നൽകാനായി സ്ഥലങ്ങളുടെ ജിയോ റെഫറൻസ് സ്‌കെച്ച് തയാറാക്കാൻ ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജി.പി.എസ് മെഷീനുകൾ ജില്ലയിലെ സർവേ വിഭാഗത്തിന് ലഭ്യമാക്കി. കെൽട്രോൺ മുഖേനയാണ് പത്ത് ഹാൻഡ് ഹെൽഡ് ജി.പി.എസുകൾ ലഭ്യമാക്കിയത്. ജി.പി.എസ് സർവേ ടീമിനുള്ള പരിശീലനം നവംബർ ആദ്യവാരം നടത്തും. വെള്ളിയാഴ്ച സർവേ ഡെപ്യൂട്ടി ഡയറക്ടർ പി.കെ നളിനി ജി.പി.എസ് ഏറ്റുവാങ്ങി. ജില്ലാ കളക്ടർ എസ്. ഷാനവാസ് ജി.പി.എസ് ഉപയോഗിച്ചുള്ള സർവേയുടെ പ്രവർത്തനം പരിശോധിച്ചു. കെൽട്രോൺ ജി.പി.എസ് സ്‌പെഷലിസ്റ്റ് എം. സുധീർ പ്രാഥമിക പരിശീലനം നൽകി. സർവേ ടീമിന്റെ പരിശീലനത്തിന് ശേഷം നവംബറിൽ സർവേ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ജി.പി.എസ് ഉപകരണങ്ങൾ വാങ്ങിച്ചത്.
നിലവിൽ ടോട്ടൽ സ്‌റ്റേഷൻ മെഷീൻ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവേ പതിനാലോളം ടീമുകളെ ഉപയോഗിച്ച് പുരോഗമിക്കുന്നുണ്ട്. ചേർപ്പ്, തൃശൂർ, വടക്കാഞ്ചേരി സർവേ സൂപ്രണ്ട് ഓഫീസുകളുടെയും ജില്ലാ സർവേ സൂപ്രണ്ട് ഓഫീസിന്റെയും പരിധികളിലാണ് ഡിജിറ്റൽ സർവേ നടക്കുന്നത്.
കേന്ദ്ര പതിവ് ലിസ്റ്റിന് വേണ്ടി സംയുക്ത പരിശോധന നടത്തി അയച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ കേന്ദ്ര സർക്കാർ തിരിച്ചയച്ച ആയിരത്തിലേറെ ഹെക്ടർ ഭൂമിയുടെ പട്ടയാപേക്ഷകൾ പരിഗണയിലാണ്. ഇവ ജി.പി.എസ് സംവിധാനത്തോടെ സർവേ നടത്തി ഓൺലൈനായി അപേക്ഷിച്ചാൽ മാത്രമേ അനുവാദം നൽകാൻ കഴിയൂ എന്ന് കേന്ദ്ര വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ അപേക്ഷകൾ വീണ്ടും അയക്കാനാണ് സർവേ നടത്തുന്നത്.

date