Skip to main content

ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് തുടക്കമായി; ആദ്യദിനം നടന്നത് സ്‌റ്റേജിതര മത്സരങ്ങള്‍

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുള്ള ജില്ലാ തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ പതാക ഉയര്‍ത്തി സ്‌റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കംകുറിച്ചു. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ അറിവിന്റെ കണ്ണികള്‍ വീണ്ടും സാക്ഷരതാ പഠനത്തിലൂടെ കോര്‍ത്തെടുക്കുമ്പോള്‍ അത് ഊട്ടിയുറപ്പിക്കാന്‍ തുടര്‍വിദ്യാഭ്യാസ കലോത്സവങ്ങളിലൂടെ കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി മുഖ്യാതിഥിയായി. കൊല്ലങ്കോട്  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ.ഗണേശന്‍, കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ദീപ ജെയിംസ്, അസി. കോഡിനേറ്റര്‍ പാര്‍വ്വതി, സ്‌കൂള്‍ അധികൃതര്‍, സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജലഛായം, ഉപന്യാസം, ചിത്രരചന, പെന്‍സില്‍ ഡ്രോയിങ്, കഥ- കവിത രചന, കഥ പറച്ചില്‍, വായന, കൈയഴുത്ത് മത്സരം, പ്രസംഗം എന്നീ സ്റ്റേജിതര ഇനങ്ങളിലാണ് ആദ്യ ദിനം മത്സരങ്ങള്‍ നടന്നത്. പ്രളയവുമായി ബന്ധപ്പെട്ട് വിഷയങ്ങളാണ് കഥ, കവിത, ജലഛായം എന്നിവയ്ക്ക് നല്‍കിയത്. പ്രസംഗ മത്സരത്തിന് ഗാന്ധിജിയും അഹിംസയും വിഷയമായപ്പോള്‍ വായന മത്സരത്തിന് ആദ്യ മന്ത്രിസഭയും ഉപന്യാസത്തിന് സാക്ഷരതാ പ്രസ്ഥാനവും വിഷയങ്ങളായി.

date