Skip to main content

ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ഇന്ന്

ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ഇന്ന്

 

 

ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ഇന്ന് (ഒക്‌ടോബര്‍ 22) രാവിലെ 11 മണിക്ക് ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ  ജില്ലാ കലക്ടര്‍ അറിയിച്ചു.

 

 

ദീപാവലി മിഠായി : ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍

 

 

ദീപാവലി മിഠായി നിര്‍മാതാക്കളും വിതരണക്കാരും  ഭക്ഷ്യസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. 

 

1. ഫുഡ് സേഫ്റ്റി ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ക്ക് മാത്രമേ ദീപാവലി മിഠായി നിര്‍മാണത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളു.

2. താത്കാലിക സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് /രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

3.  സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധന നടത്തി ശുദ്ധമാണെന്ന് ഉറപ്പു വരുത്തിയതായിരിക്കണം.

4.  ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

4.   സ്ഥാപനവും പരിസരവും വൃത്തിയുള്ളതും സ്ഥാപനം അടച്ചുറപ്പുള്ളതുമായിരിക്കണം.

5. ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഗുണനിയമാനുസൃതം ലേബല്‍ ഉള്ളതായിരിക്കണം.

6.  നിര്‍മാണ വേളയില്‍ ഭക്ഷ്യവസ്തുക്കള്‍ തുറന്ന അവസ്ഥയില്‍ വെക്കുകയോ അലസമായി കൈകാര്യം ചെയ്യാനോ പാടില്ല.

6.  കൃത്രിമനിറങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം

7.  വനസ്പതിയുടെ ഉപയോഗം പരിമിതപെടുത്തണം.

8.  നന്നായി അടച്ചപാക്കറ്റുകളില്‍ 'Use  by date' രേഖപെടുത്തിവേണം വില്‍പ്പന നടത്താനെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. 

 

 

മലബാര്‍ ആര്‍ട്ടൂര്‍-2019 ചുമര്‍ ചിത്രകലാ ക്യാമ്പ്

 

കേരള ലളിതകലാ അക്കാദമിയും ബേക്കല്‍  റിസോര്‍ട്‌സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനും (ബി.ആര്‍.ഡി.സി) സംയുക്തമായി മലബാര്‍ ആര്‍ട്ടൂര്‍-2019 എന്ന പേരില്‍ ചിത്രകല ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 22 മുതല്‍ 27 വരെ കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ ബീച്ച് പാര്‍ക്കിലാണ് പരിപാടി. കേരളത്തിന്റെ വിവിധ പ്രദേശത്തുനിന്നുള്ള പതിനഞ്ച് ചുമര്‍ചിത്രകാരന്‍മാര്‍ പാര്‍ക്കിലെ ചുമരുകളില്‍ മലബാറിന്റെ കലാപാരമ്പര്യം കേരളീയ ചുമര്‍ചിത്രശൈലിയില്‍ രേഖപ്പെടുത്തും. പ്രശസ്ത നാടക-ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെ ഒക്‌ടോബര്‍ 22ന് വൈകീട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കെ.കെ. മാരാര്‍ മുഖ്യാത്ഥിയായിരിക്കും. അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്  അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ടി.കെ. മന്‍സൂര്‍, അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം രവീന്ദ്രന്‍ തൃക്കരിപ്പൂര്‍, ബി.ആര്‍.ഡി.സി. ടെക്‌നിക്കല്‍ മാനേജര്‍ കെ.എം. രവീന്ദ്രന്‍ തുടങ്ങിയവരും കലാകാരന്‍മാരും കലാവിദ്യാര്‍ത്ഥികളും പങ്കെടുക്കും. ക്യാമ്പ് ഒക്‌ടോബര്‍ 27ന് സമാപിക്കും.

 

     

മോട്ടോര്‍ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

 

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ  തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ പി.ജി വരെയുള്ള കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഹയര്‍സെക്കണ്ടറി മുതലുള്ള കോഴ്‌സുകള്‍ക്ക് യോഗ്യതാ പരീക്ഷക്ക് 50 ശതമാനം  മാര്‍ക്ക് /ഗ്രേഡ് ലഭിച്ചിരിക്കണം.  അപേക്ഷ ഫോം ബോര്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍  ലഭ്യമാണ്. (kmtwwfb.org) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- നവംബര്‍ 15. ഫോണ്‍ : 0495-2767213.

 

റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മീറ്റിംഗ് മാറ്റി

 

കോഴിക്കോട്,  വടകര റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ മീറ്റിംഗ്  നവംബര്‍ 20 ന്  രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് റീജയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

 

റാങ്ക് ലിസ്റ്റ് റദ്ദായി

 

കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പ്/മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് II (കാറ്റഗറി നം. 666/2012) തസ്തികയുടെ 2016 ആഗസ്റ്റ് എട്ടിന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി അവസാനിച്ചതിനാല്‍ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

 

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ : താല്‍ക്കാലിക നിയമനം

 

 

ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ 26500-56700 രൂപ ശമ്പള നിരക്കില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മള്‍ട്ടി മീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ ഇഫക്ടസ് ന്റെ ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തിനും ഇ.ടി.ബി പ്രയോറിറ്റി വിഭാഗത്തിനും സംവരണം ചെയ്ത ഓരോ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത - എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത.  നിയുക്ത ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ നിയുക്ത ട്രേഡില്‍ നാഷണല്‍ അപ്രന്റീഷീപ്പ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ നിയുക്ത ട്രേഡില്‍ ഗവ. അല്ലെങ്കില്‍ ഗവ. അംഗീകൃത പോളിടെക്‌നിക്ില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം.  പ്രായം 01.01.2019 ന് 19 വയസ്സിനും 44 നും ഇടയില്‍ (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 31 നകം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. 

 

ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി :  അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി (ആറ് മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത (പത്താം ക്ലാസ്സ്) താല്‍പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ - 8301098705, 9400635455.       

 

മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പ്:

അവസരം പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്ക റൂട്ട്‌സ്  

 

മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക്  നാട്ടില്‍ തിരികെ പോകുവാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ അവസരം ഒരുക്കി. ബാക്ക് ഫോര്‍ ഗുഡ് പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന പൊതുമാപ്പ് പദ്ധതി 2019 ഡിസംബര്‍ 31 വരെയാണ്. ഇതനുസരിച്ച് മലേഷ്യയിലെ നിയമാനുസ്യത പാസ്സോ, പെര്‍മിറ്റോ ഇല്ലാത്തവര്‍ക്കാണ് നാട്ടില്‍ പോകുവാന്‍ അവസരം ഉള്ളത്. മലേഷ്യയിലെ എമിഗ്രേഷന്‍ വകുപ്പാണ് പദ്ധതി ഇടനിലക്കാരില്ലാതെ ഏകോപിപ്പിച്ചിരിക്കുന്നത്. പൊതു മാപ്പിന്റെ ആനുകൂല്യം ലഭിക്കുവാന്‍ വിദേശീയര്‍ യാത്രാ രേഖകള്‍, പാസ്സ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, ഏഴുദിവസത്തിനകം നാട്ടില്‍ പോകുവാനുള്ള വിമാന ടിക്കറ്റ്, എമിഗ്രേഷന്‍ ഓഫീസില്‍ ഒടുക്കേണ്ട  പിഴ തുകയായ 700 മലേഷ്യല്‍ റിങ്കിറ്റ് എന്നിവ നല്‍കണം. സാധുവായ യാത്രാ രേഖകള്‍ ഇല്ലാത്ത ഇന്ത്യന്‍ പൗരന്‍മാര്‍  എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഏജന്‍സിയായ ബി.എല്‍ എസ്സ് ഇന്ത്യന്‍നാഷണല്‍ ലിമിറ്റഡ്, ലെവല്‍-4, വിസ്മ ടാന്‍കോം, 326-328, ജെലാന്‍ തുവാന്‍കു അബ്ദുള്‍ റഹ്മാന്‍, 50100 കോലാലംപൂര്‍. ഫോണ്‍. 03 26022474, 03 26022476.-നെ സമീപിക്കാവുന്നതാണ്. പൊതുമാപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്  https://www.imi.gov.my/images/fail_ pengumuman/2019/7_jul/faq-eng.pdf  എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ബന്ധപ്പെടണം. മലേഷ്യയില്‍ അനധികൃതമായി കുടിയേറിയ മലയാളികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date