സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ പ്രതിരോധ സംവിധാനം നവകേരള നിര്‍മ്മാണത്തിന് ഊര്‍ജ്ജം പകരും - മന്ത്രി ടി.പി രാമകൃഷ്ണന്‍
സാമൂഹ്യനീതിവകുപ്പ് ആവിഷ്‌കരിച്ച സാമൂഹ്യ പ്രതിരോധ സംവിധാനം നവകേരള നിര്‍മ്മാണത്തിന് ഊര്‍ജ്ജം പകരുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇത് സാമൂഹ്യനവീകരണ പ്രക്രിയ കൂടിയായി വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രൊബേഷന്‍ സംവിധാനവും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹ്യപുനരധിവാസവും സ്ഥാപനേതര പരിവര്‍ത്തനമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ നടത്തുന്ന ദ്വിദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം പ്രൊബേഷനും മറ്റ് സാമൂഹ്യ പ്രതിരോധ സംവിധാനങ്ങളും സംബന്ധിച്ച നയം പ്രഖ്യാപിക്കുന്നത്. പ്രൊബേഷന്‍ ഉള്‍പ്പെടെ നിലവിലുള്ള സാമൂഹ്യ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം. കുറ്റവാളികള്‍ ഇല്ലാതാവുക എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സമൂഹം ഒന്നിച്ചുനില്‍ക്കണം. നിയമപരിപാലന- നീതിനിര്‍വഹണ മേഖലകള്‍ക്കൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സന്നദ്ധസംഘടനകളും സാമൂഹ്യ പ്രതിരോധ സംവിധാനത്തിന്റെ വിജയത്തിന് കൈകോര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. ഹോട്ടല്‍ പാരമൗണ്ട് ടവറില്‍ നടന്ന പരിപാടിയില്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 ഈ വര്‍ഷം മുതല്‍ പ്രൊബേഷന്‍ ദിനമായി ആചരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി ചടങ്ങില്‍ അറിയിച്ചു. ജയില്‍മോചിതര്‍, ആദ്യകുറ്റവാളികള്‍, നല്ലനടപ്പ് ജാമ്യത്തില്‍ കഴിയുന്നവര്‍, ലഹരിക്കടിമപ്പെട്ടവര്‍, വിവിധ കുറ്റകൃത്യങ്ങള്‍ക്കിരയായവര്‍, മനുഷ്യക്കടത്തിന് വിധേയരായവര്‍, ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവരും ഈ വിഭാഗങ്ങളില്‍പ്പെട്ടവരുടെ ആശ്രിതരും ഉള്‍പ്പെടെ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യങ്ങളില്‍ ജീവിക്കുന്ന എല്ലാവരെയും ശക്തമായ സാമൂഹ്യ പ്രതിരോധ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കാവല്‍ പദ്ധതിയിലൂടെ കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന് സാധിച്ചു. കുറ്റകൃത്യങ്ങള്‍ക്കിരയാകുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിരക്ഷ നല്‍കുന്ന പദ്ധതികളും സംസ്ഥാനം ആവിഷ്‌കരിച്ചിട്ടുണ്ട്. അക്രമങ്ങളില്‍ മരണപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയും ഈ വര്‍ഷം നിലവില്‍ വന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സി ശ്രീധരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യനീതി ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ്, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ബാബുരാജന്‍ പാറമ്മല്‍, ജയില്‍ വകുപ്പ് മേഖല വെല്‍ഫെയര്‍ ഓഫീസര്‍ എ.വി മുകേഷ്, സാമൂഹ്യനീതി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി സുഭാഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മറ്റി യോഗം മാറ്റി
സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മറ്റി സേവനാവകാശ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇന്ന് (ഒക്‌ടോബര്‍ 22) രാവിലെ 11 മണിക്ക് കോഴിക്കോട് കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ചതായി സെക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9446614243.
ക്ലര്‍ക്ക് : താല്‍ക്കാലിക നിയമനം
കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തിലെ താല്‍ക്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയില്‍ ക്ലാര്‍ക്ക് (ഒരു ഒഴിവ്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം പ്രതിമാസം 19,950 രൂപ. പ്രായം - പരമാവധി 60 വയസ്സ്.
യോഗ്യത - അപേക്ഷകര്‍ അതാത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര ഗവ. സര്‍വ്വീസിലോ സംസ്ഥാന ഗവ. സര്‍വ്വീസിലോ തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരായിരിക്കണം. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/സബോഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജനന തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ വെളളക്കടലാസില്‍ തയ്യാറാക്കി അയക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിരമിച്ച കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.
നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്കോ 2020 മാര്‍ച്ച് 31 വരെയോ അല്ലെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ഇവയില്‍ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ രണ്ടിന് അഞ്ച് മണി വരെ. യോഗ്യരായ അപേക്ഷകരെ ഇന്റര്‍വ്യൂ തീയതി നേരിട്ട് അറിയിക്കും. അപേക്ഷകള്‍ അയക്കേണ്ട വിലാസം - ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, കോഴിക്കോട് - 673032. ഫോണ്‍ : 0495 2366404.
- Log in to post comments