Skip to main content
വയനാട് മെഡിക്കല്‍ കോളേജിനായി ചേലോട് എസ്റ്റേറ്റില്‍ കണ്ടെത്തിയ അമ്പത് ഏക്കര്‍ ഭൂമി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ സന്ദര്‍ശിക്കുന്നു.

വയനാട് മെഡിക്കല്‍ കോളേജ് ഡിസംബറില്‍ നിര്‍മ്മാണം തുടങ്ങും:                                                       മന്ത്രി കെ.കെ.ശൈലജ

  വയനാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഡിസംബറില്‍ തുടങ്ങുമെന്ന്  ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.  മെഡിക്കല്‍ കോളേജിനായി ചേലോട് എസ്റ്റേറ്റില്‍ കണ്ടെത്തിയ അമ്പത് ഏക്കര്‍ ഭൂമി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  നവംബര്‍ പകുതിയോട് കൂടി അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തിയായി ഭൂമി കൈമാറി കിട്ടും. 2021 ല്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ലയുടെ പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അവര്‍ പറഞ്ഞു. വയനാട് ജില്ലയുടെ ചിരകാല സ്വപ്നമായ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.  

     ചേലോട് എസ്റ്റേറ്റിലെ പുതിയ ഭൂമിയെ സംബന്ധിച്ച് ജിയോളജിക്കല്‍ സര്‍വ്വെയുടെ  റിപ്പോര്‍ട്ടും സാമൂഹ്യാഘാത പഠനത്തിന്റെ കരട് റിപ്പോര്‍ട്ടും അനുകൂലമാണ്. സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചോട് കൂടി ലഭ്യമാകും. ഹൈവെയോട് ചേര്‍ന്ന് നില്‍ക്കുന്ന ഭൂമിയായതിനാല്‍ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജില്‍ എളുപ്പത്തില്‍ എത്തിചേരാനും സാധിക്കും. മെഡിക്കല്‍ കോളേജിനായി നേരത്തെ തയ്യാറാക്കിയ് മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച്  615 കോടി രൂപയുടെ പ്രവൃത്തിക്ക് വകുപ്പ് ഭരണാനുമതിയായിട്ടുണ്ട്. ഡി.പി.ആര്‍ തയ്യാറാക്കി കെടുക്കുന്ന മുറയ്ക്ക് കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാകും. പ്രരംഭ പ്രവര്‍ത്തികള്‍ക്കുളള പണം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു.
 
.    മടക്കിമലയില്‍ നേരത്തെ മെഡിക്കല്‍ കോളേജിനായി കണ്ടെത്തിയ ഭൂമി ഉപേക്ഷിക്കില്ല. അവിടെ പഠനങ്ങള്‍ നടത്തി അനുയോജ്യമാണെന്ന് കണ്ടാല്‍ നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജിന്റെ അനുബന്ധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. ബോയ്‌സ് ടൗണില്‍ ശ്രീചിത്രയില്‍ നിന്നും വിട്ടുകിട്ടിയ ഭൂമിയില്‍ റിസര്‍ച്ച് സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്ന കാര്യവും ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക, വൈത്തിരി തഹസില്‍ദാര്‍  ടി.പി അബ്ദുള്‍ ഹാരിസ്,ഡി.പി.എം ബി.അഭിലാഷ്, പി.ഗഗാറിന്‍ തുടങ്ങിയവരും മന്ത്രിക്ക് ഒപ്പമുണ്ടായി രുന്നു.
   

 

date