Skip to main content

പ്രഥമ ശുശ്രൂഷ -ജീവന്‍ രക്ഷാ പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി

ജില്ലയിലെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്ക് പ്രഥമശ്രുശ്രൂഷാ- ജീവന്‍ രക്ഷാപരിശീലനം നല്‍കുന്ന പരിപാടിക്ക് തുടക്കമായി. ജില്ലാ ആരോഗ്യവകുപ്പും ട്രോമാ കെയറും സംയുക്തമായാണ് ജില്ലയിലുടനീളം പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ 15 ആരോഗ്യ ബ്ലോക്കുകളിലെയും ജീവനകാര്‍ക്ക് പ്രഥമശ്രുശ്രൂഷയില്‍ പരിശീലനം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജീവനകാര്‍ക്ക് പരിശീലനം നല്‍കി കൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന നിര്‍വഹിച്ചു. മഞ്ചേരി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി ഡോ. ഷീനാസ് ബാബു, ഡോ.സക്കീര്‍ മുഹമ്മദ്, ട്രോമകെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രതീഷ് തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. അടിയന്തരഘട്ടങ്ങളില്‍ അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് ആരോഗ്യവകുപ്പിലെ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ആരോഗ്യ ബ്ലോക്കുകളിലെ പരിശീലന പരിപാടികള്‍ ഒക്‌ടോബര്‍ ആദ്യവാരത്തോടെ ആരംഭിക്കും. പ്രഥമശുശ്രൂഷയില്‍ പ്രത്യേകം പരിശീലന ലഭിച്ച ഡോക്ടര്‍മാര്‍, ട്രോമകെയര്‍ വളന്റിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക. അപകടം നടന്നാലുടന്‍ ആദ്യം സംഭവ സ്ഥലത്തെത്തുന്നയാള്‍ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്ത് നല്‍കുന്നതാണ് പ്രഥമ ശുശ്രൂഷ. ഒരാളുടെ ആരോഗ്യനില അപകടകരമാവുന്ന റോഡപകടങ്ങള്‍, അഗ്‌നിബാധ, ആത്മഹത്യാ ശ്രമം, വിവിധ തരത്തിലുള്ള അസുഖങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം പ്രഥമ ശുശ്രൂഷ ആവശ്യമായി വരും. ഹൃദയാഘാതം, പക്ഷാഘാതം, ജലാശയ അപകടങ്ങള്‍, മിന്നല്‍, വൈദ്യുതാഘാതം, പാമ്പുകടിയേല്‍ക്കല്‍, വാഹനാപകടങ്ങള്‍ തുടങ്ങി വിവിധ അത്യാഹിത സന്ദര്‍ഭങ്ങളില്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷകളാണ്  പരിശീലന പരിപാടിയില്‍ നല്‍കിയത്.
 

date