Skip to main content

ഏഴു കോടി രൂപ ചെലവില്‍ ഡക്ക് ഹാച്ചറിയും പരിശീലന കേന്ദ്രവും

താറാവ് കുഞ്ഞുങ്ങളുടെ ഉത്പാദനം 50000-ല്‍ നിന്നും  3.5 ലക്ഷമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഏഴു കോടി രൂപ ചെലവഴിച്ച് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് തിരുവല്ല മഞ്ഞാടി പക്ഷിരോഗ നിര്‍ണയ കാമ്പസില്‍ ആധുനിക ഡക്ക് ഹാച്ചറിയും പരിശീലന കേന്ദ്രവും സ്ഥാപിച്ചു.  ഹാച്ചറിയിലേക്ക് ആവശ്യമായ മുട്ട വിരിയിക്കാന്‍ 90,000 ശേഷിയുള്ള സെറ്ററും 30,000 ശേഷിയുള്ള ഹാച്ചറും സജ്ജീകരിച്ചിട്ടുണ്ട്.  ഇവിടുത്തെ ബ്രൂഡര്‍ ഹൗസിന് ഒരേസമയം 4,000 കുഞ്ഞുങ്ങളെ വളര്‍ത്തി എടുക്കാനുള്ള സ്ഥല സൗകര്യം ഉണ്ട്.  നിരണം ഡക്ക് ഫാമിലേക്കുള്ള പേരന്റ് സ്റ്റോക്ക്, വിവിധ പദ്ധതികള്‍ക്കായി വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍ എന്നിവയെ ഇവിടെ ഉത്പാദിപ്പിക്കും. ഖര, ദ്രവ മാലിന്യ സംസ്‌കരണത്തിനുള്ള അനുബന്ധ സൗകര്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ഹാച്ചറി വരുന്നതോടെ  ഡക്ക് ഫാമിലെ ഹാച്ചിംഗ് ഇങ്ങോട്ട് മാറ്റാനും, അങ്ങനെ  നിരണത്ത് അധികമായി ലഭ്യമാകുന്ന സ്ഥലം പൂര്‍ണമായും പേരന്റ് സ്റ്റോക്കിനെ വളര്‍ത്താന്‍ ഉപയോഗിക്കാനും സാധിക്കും.  

അന്തര്‍ദേശീയ നിലവാരത്തില്‍ പണികഴിപ്പിച്ചിട്ടുള്ള പരിശീലന കേന്ദ്രത്തില്‍ 150 പേര്‍ക്ക് ഒരേ സമയം പരിശീലനം നല്കാന്‍ സാധിക്കും.  പ്രതിമാസം കുറഞ്ഞത് 500 കര്‍ഷകര്‍ക്ക് ഇവിടെ പരിശീലനം നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നിലവില്‍ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍, ഒരു വെറ്ററിനറി സര്‍ജന്‍, ഒരു ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ഒരു പാര്‍ട്ട്ട്ടൈം സ്വീപ്പര്‍ എന്നീ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജി. അംബികാദേവി അറിയിച്ചു.                          

 

date